കുന്ദമംഗലം: പൊലീസും സിസിടിവി കാമറകളും മിഴി തുറന്നിട്ടും സൈഡ്മിററും ഹെൽമെറ്റുമില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്നു. പൊലീസ് പരിശോധന അധികമില്ലാത്ത റൂറൽ റോഡുകളിലൂടെയാണ് ഇരുചക്രവാഹനങ്ങളുടെ പരക്കം പാച്ചിൽ. പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികളാണ് കൂടുതലും ഇത്തരത്തിൽ വാഹനങ്ങളുമായി നിരത്തിലെത്തുന്നത്.
പിന്നിൽ നിന്നു വരുന്ന വാഹനങ്ങള കാണാനാണ് വാഹനങ്ങളിൽ മിറർ സ്ഥാപിച്ചിട്ടുള്ളതെങ്കിലും ഇക്കൂട്ടർ ഇവ ഊരി മാറ്റുകയാണ് പതിവ്. ഇരുചക്ര വാഹനങ്ങളുടെ കണ്ണാടി അഴിച്ചുവയ്ക്കുക, വാഹനത്തിന്റെ സൈലൻസർ മാറ്റി കൂടുതൽ ശബ്ദമുള്ള സൈലൻസർ ഉപയോഗിക്കുക, വാഹനത്തിന്റെ ഹാൻഡ്ലുകൾ മാറ്റുക, സാരി ഗാർഡ് അഴിച്ചു മാറ്റുക തുടങ്ങി അപകടകരമായ രീതിയിൽലാണ് ഇക്കൂട്ടരുടെ യാത്ര.
സ്ക്കൂൾ പരീക്ഷകളുടെ അവസാനദിവസം, കോളേജ് ഡെ, വിവാഹങ്ങൾ, മറ്റ് ഉത്സവ-ആഘോഷ ദിവസങ്ങൾ എന്നീ അവസരങ്ങളിലാണ് ഇത്തരക്കാർ കൂടുതലായി നിരത്തിലിറങ്ങുന്നത്. എപ്പോഴും അപകടകരമായ അമിത വേഗത്തിൽ വാഹനമോടിക്കുന്നതിനാൽ പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കേണ്ടതില്ലെന്നാണ് ഇവരുടെ പുതിയ വാദം. അതേ സമയം അപകടങ്ങളേറെയുണ്ടാകുന്നതും ഇത്തരം വാഹനങ്ങളുമായി പോകുന്നവർക്കാണ്.
കാൽനടയാത്രക്കാർക്ക് പോലും അപകടഭീഷണി ഉയർത്തി അമിതവേഗതയിൽ സഞ്ചരിക്കുന്ന കുട്ടിഡ്രൈവർമാരെ തടയിടുന്നതിനായി കാമറകളും മറ്റുമുണ്ടെങ്കിലും ദേശീയപാതയിൽ മാത്രമാണ് പൊലിസിന്റെ കർശന പരിശോധനയുള്ളത്. ഇത് ഇക്കൂട്ടർക്ക് അനുഗ്രഹമായി മാറുകയാണ്.