കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാന തലത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവലി'ന്റെ ഭാഗമായി വയനാട് ജില്ലയിൽ വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കൽ, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തരിയോട് എട്ടാം മൈൽ സ്വദേശി കാരനിരപ്പേൽ വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (42) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ ഗൂണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഷിജു. ജില്ലാ പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.
ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഗൂണ്ടാ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്ന 16 പേർക്കെതിരെ കാപ്പ നടപടി സ്വീകരിക്കുന്നതിന് വേണ്ടി റിപ്പോർട്ടുകൾ സമർപ്പിച്ചെന്നും, ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരംതിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.