സുൽത്താൻ ബത്തേരി: തലചായ്ക്കാനിടമില്ലാതെ പ്ലാസ്റ്റിക് കൂരയ്ക്കുള്ളിൽ കഴിയുന്ന ഏഴംഗ കുടുംബത്തിന് സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്ബ് വീട് നിർമ്മിച്ചു നൽകുന്നു. നെന്മേനി പഞ്ചായത്തിലെ കൊഴുവണ തേവർതൊടി അബ്ദുൾ നാസറിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്.

പ്ലാസ്റ്റിക് കൂരയ്ക്കുള്ളിൽ കഴിയുന്ന ഇവരുടെ ജീവിതത്തെകുറിച്ച് കേരള കൗമുദി ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിച്ച പത്രവാർത്ത കണ്ടാണ്‌ റോട്ടറി ക്ലബ്ബ് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്.
രോഗിയായ അബ്ദുൾ നാസറിന് ഭാര്യയും പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളും അഞ്ചു വയസുള്ള ഇരട്ടക്കുട്ടികളുമാണുള്ളത്. സഹോദരൻ താമസിക്കുന്ന വീടിന്റെ ചായ്പിനോ ചേർന്നാണ് പ്ലാസ്റ്റിക് കൊണ്ട് കെട്ടിയ കൂരക്കുള്ളിൽ ഇവർ കഴിഞ്ഞുവരുന്നത്. കന്നുകാലി വളർത്തിയാണ് കഴിഞ്ഞുവന്നതെങ്കിലും രോഗിയായതോടെ അതും ചെയ്യാൻ കഴിയാതെയായി.
റോട്ടറി നിർമ്മിച്ച് നൽകുന്ന സ്‌നേഹവീടിന്റെ കട്ടിളവെയ്പ്പ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. റോട്ടറി പ്രസിഡന്റ് ബിജു പുത്തേത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അമൽജോയി, പി.കെ.ബേബി, വി.സുരേഷ്, സണ്ണി വിളകുന്നേൽ കെ.ടി.മനോജ്, കെ.കെ.തമ്പി, സി.സുജാത എന്നിവർ സംസാരിച്ചു.

ഫോട്ടോ-കട്ടിള
റോട്ടറി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിള വെയ്പ്പ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു