കൽപ്പറ്റ: നഗരത്തിൽ ഇന്നുമുതൽ പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കും. ട്രാഫിക് ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരമുള്ള വാഹന പാർക്കിംഗും നിയന്ത്രണ സംവിധാനങ്ങളുമാണ് നിലവിൽ വരിക. ടൗൺ നവീകരണ പ്രവൃത്തിയിൽ ഒന്നും രണ്ടും ഘട്ടം ഏതാണ്ട് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നത്. ബൈപ്പാസ് റോഡ് പൂർണമായും തകർന്നു കിടക്കുന്ന സാഹചര്യത്തിൽ ബൈപാസിനെ ആശ്രയിക്കാതെ കൂടുതൽ വാഹനങ്ങൾ നഗരത്തിലേക്ക് എത്തുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അയ്യപ്പ ക്ഷേത്രം മുതൽ സിവിൽ സ്റ്റേഷൻ വരെ റോഡിന്റെ ഒരു ഭാഗം പൂർണമായും പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിലവിലുള്ള ഓട്ടോ ടാക്സി സ്റ്റാൻഡ്, ബസ് പാർക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണമില്ല.
ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ ചുങ്കം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നുണ്ട്. ഇതോടെ പള്ളിത്താഴെ റോഡ് വൺവേയാകും.
കൈനാട്ടിയിലെ സിഗ്നൽ സംവിധാനം പ്രവർത്തന സജ്ജമാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും. പൊലീസ് സഹായത്തോടെയാണ് ഇന്ന് മുതൽ നഗരത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നത്.