
തലയോലപ്പറമ്പ്. ചരിത്രപ്രസിദ്ധമായ വടയാർ ആറ്റുവേലയ്ക്ക് നാടൊരുങ്ങി. മൂവാറ്റുപുഴയാറിന്റ ഓളപ്പരപ്പിനെ പ്രകാശമാനമാക്കുന്ന ജലോത്സവമായ ആറ്റുവേലയ്ക്കായുള്ള ആറ്റുവേലച്ചാടിന്റെ നിർമാണവും പൂർത്തിയായി. രണ്ട് വലിയ കേവ് വള്ളങ്ങളിൽ തട്ടിട്ട് അതിൽ ക്ഷേത്രമാതൃകയിൽ മൂന്നു നിലകളിലായി നിർമ്മിച്ച ആറ്റുവേല ചാടാണ് ഈ ഉത്സവത്തിന്റെ മുഖ്യആകർഷണം. അവകാശികളുടെ നിർദ്ദേശാനുസരണം ദേശക്കാർ തന്നെയാണ് ആറ്റുവേലച്ചാട് നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പിണ്ടിപ്പൊഴുത് ചടങ്ങു നടന്നു. 64 തൂശനിലകളിലായി നിവേദ്യങ്ങൾ നിരത്തി, രാശി നോക്കിയാണ് ഈ ചടങ്ങ് നടത്തുന്നത്. മീനമാസത്തിലെ അശ്വതി നാളിലാണ് ആറ്റുവേല ഉത്സവം.
ഇന്ന് രാവിലെ ഇളങ്കാവ് ക്ഷേത്രത്തിൽ നിന്ന് പ്രത്യേക പൂജകൾക്ക് ശേഷം ആറ്റുവേല ചാട് ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് രണ്ട് കിലോമീറ്റർ മാറി ആറ്റുവേല കടവിലേക്ക് കൊണ്ടു പോകും. മീനമാസത്തിലെ അശ്വതി നാളിൽ 18നാഴിക പുലരുമ്പോൾ ആറ്റുവേല ചാടിന്റെ മുകളിലെ നിലയിൽ സർവാഭരണ വിഭൂഷിതയായ കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ച് ഇരുത്തും. പുറക്കളത്തെ ഗുരുതിക്ക് ശേഷം ഇളങ്കാവിലേക്ക് പുറപ്പെടും. നിലവിളക്കുകളും, നിരവധി കുത്തുവിളക്കുകളും വൈദ്യുത ദീപങ്ങളും കൊണ്ടലംകൃതമായ ആറ്റുവേലചാട് മൂവാറ്റുപുഴയാറിന്റെ ഓളപരപ്പിനെ വർണാഭമാക്കി ഇളങ്കാവ് ക്ഷേത്രക്കടവിലേക്ക് പ്രയാണം ആരംഭിക്കും. വിവിധ കരക്കാരുടെയും വീട്ടുകാരുടെയും സംഘടനകളുടെയും വഴിപാടായി വാദ്യമേളങ്ങളും ഗരുഡൻ പറവയുമായെത്തുന്ന തൂക്കച്ചാടുകൾ ഇതിന് അകമ്പടിയേകും. നാളെ പുലർച്ചെ നാലിനാണ് ആറ്റുവേല ദർശനം. ആറ്റുവേല കാണുവാൻ വിദേശികളടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും തടിച്ചുകൂടും.