
കോട്ടയം. സമര പരിപാടികളിൽ തന്നെ വിളിക്കാതെ അവഗണിക്കുകയാണെന്നും യു.ഡി.എഫ് ചെയർമാനായ വി.ഡി സതീശനോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്നും ആരോപിച്ച് വ്യാഴാഴ്ച പൊട്ടിത്തെറിച്ച എൻ.സി.കെ.നേതാവ് മാണി സി കാപ്പൻ ഇന്നലെ "അസംതൃപ്‌തി അവസാനിച്ചു, ഇപ്പോൾ യു.ഡി.എഫിൽ സംതൃപ്തി മാത്ര'മെന്ന് പറഞ്ഞു മൊത്തം കോംപ്ലിമെന്റാക്കി.
സിൽവർലൈൻ സമരത്തിന്റെ ഭാഗമായുള്ള ജനകീയ സദസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ വേദി പങ്കിട്ട കാപ്പൻ, ഷാൾ അണിയിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തെങ്കിലും സതീശന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ നിൽക്കാതെ തിരക്കുണ്ടെന്ന് പറഞ്ഞ് വേദി വിട്ടു.
മാണി സി. കാപ്പൻ വിമർശിച്ചത് അനൗചിത്യമായിപ്പോയി. പരാതിയുണ്ടെങ്കിൽ നേരിട്ടു പറയണമായിരുന്നുവെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇന്നലെ സിൽവർ ലൈൻ ജനകീയ സദസിൽ സതീശനുമായി കാപ്പൻ വേദി പങ്കിടില്ലെന്ന് ചാനലുകളിൽ ഫ്ലാഷ് ന്യൂസ് വന്നിരുന്നു. ഇതോടെ പങ്കെടുക്കുമെന്ന് കാട്ടി കാപ്പന്റെ ഓഫീസ് പത്രക്കുറിപ്പിറക്കി.
കാപ്പൻ പൊലീസ് സ്റ്റേഷൻ മൈതാനിയിലെ വേദിയിലെത്തുമ്പോൾ സതീശൻ ഇല്ലായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ് അടക്കം ഉന്നത നേതാക്കൾ കാപ്പനെ ചേർത്തു പിടിച്ചായിരുന്നു വേദിയിലേക്ക് സ്വീകരിച്ചത്. കാപ്പൻ ഏതാനും വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച ശേഷമായിരുന്നു വി.ഡി.സതീശൻ വേദിയിൽ എത്തിയത്. പരസ്പരം കണ്ടതോടെ ഇരുവരും ചിരിച്ച് ആശ്ലേഷിച്ചു. ഷാളുകൾ കൈമാറി. തുടർന്ന് തിരക്കുണ്ടെന്ന് പറഞ്ഞു സതീശന്റെ പ്രസംഗം കേൾക്കാൻ നിൽകാതെ വേദി വിട്ടു.
യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ വി.ഡി.സതീശന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും കെ.സുധാകരനെയും രമേശ് ചെന്നിത്തലയെയും പ്രകീർത്തിക്കുകയും ചെയ്തതാണ് സതീശനെ ചൊടിപ്പിച്ചത്. പിന്നീട് കാപ്പനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ് തുടങ്ങിയ നേതാക്കൾ രംഗത്തു വന്നിരുന്നു. ഇടതു മുന്നണിയിലേക്കില്ല. യു.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് പറയുമ്പോഴും കാപ്പന്റെ ഇപ്പോഴത്തെ നിലപാടിൽ യു.ഡി.എഫിലെ പല നേതാക്കൾക്കും ആശയക്കുഴപ്പം മാറിയിട്ടില്ല.