
കോട്ടയം: കോൺഗ്രസിന്റെ പോഷക സംഘടനയല്ല ഐ.എൻ.ടി.യു.സിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന് പറയാം. അല്ലാതെ, എൻ.എസ്.യു , യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, സേവാദൾ എന്നിവ പോലെ പോഷകസംഘടനയല്ല. അവിഭാജ്യ ഘടകമെന്നാണ് ആർ.ചന്ദ്രശേഖരനും പറഞ്ഞത്
-സതീശൻ വ്യക്തമാക്കി.
ദേശീയ പണിമുടക്കിൽ സി.ഐ.ടി.യു നടത്തിയ അക്രമങ്ങളെ അപലപിച്ചപ്പോൾ ഐ.എൻ.ടി.യു.സിയും സമരത്തിലുണ്ടായിരുന്നെന്ന് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചു. അപ്പോഴാണ് പോഷക സംഘടനയല്ലെന്ന് പറഞ്ഞത്. അതിന്റെ പേരിൽ ചങ്ങനാശേരിയിൽ തനിക്കെതിരെ പ്രകടനം നടത്തിയതിന് പിന്നിൽ പാർട്ടിയിലെ കുത്തിത്തിരിപ്പ് സംഘമാണ്. കുത്തിത്തിരിപ്പുകാരെ എവിടെ നിറുത്തണമെന്ന് അറിയാവുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്. . രമേശ് ചെന്നിത്തല വന്നു പോയ ശേഷമാണ് ചങ്ങനാശേരിയിൽ പ്രതിഷേധ പ്രകടനം നടന്നതെന്ന് മാദ്ധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, 'നിങ്ങൾക്കറിയാമല്ലോ' എന്നായിരുന്നു സതീശിന്റെ പ്രതികരണം.
പോഷക സംഘടന തന്നെ: മുല്ലപ്പള്ളി
കോഴിക്കോട്: ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞതെന്താണെന്ന് അറിയില്ല. ഐ.എൻ.ടി.യു.സി പ്രതിപക്ഷ നേതാവിനെതിരെ പ്രകടനം നടത്തിയത് ശരിയല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.