
പത്തനംതിട്ട: കലാകേളിയുടെ ഉത്സവാഘോഷത്തിന് തുടക്കംകുറിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് ചലച്ചിത്രതാരങ്ങളായ നവ്യാനായരും ഉണ്ണി മുകുന്ദനും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്ന് തിരിതെളിച്ചു. കലയാണ് തന്റെ രാഷ്ട്രീയമെന്നും കലയുടെ ഒറ്റ ആകാശത്തിൻ കീഴിലല്ലാതെ നമ്മളെ ഒരുമിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ലെന്നും നവ്യാനായർ പറഞ്ഞു. ജയവും തോൽവിയും ജീവിതത്തിന്റെ അവസാന വാക്കല്ല. നിങ്ങളുടെ ശരി നിങ്ങൾതന്നെ കണ്ടെത്തണമെന്നും അതിൽ ഉറച്ചുവിശ്വസിക്കണമെന്നും നവ്യ പറഞ്ഞു.
നിരവധി നഷ്ടങ്ങൾ തന്ന വർഷങ്ങളിൽ നിന്നുള്ള ഉണർവാണ് ഈ കലോത്സവമെന്ന് സ്റ്റീഫൻ ദേവസി പറഞ്ഞു. സ്വപ്നങ്ങളിലേക്ക് നടക്കാനും അവ സഫലമാകാൻ പ്രയത്നിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രോ. വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംഘാടക സമിതി ജനറൽ കൺവീനർ ശരത് ശശിധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ , സംഘാടക സമിതി വർക്കിംഗ് ചെയർമാൻ റോഷൻ റോയ് മാത്യു, മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ , സിൻഡിക്കേറ്റ് അംഗങ്ങളായ റെജി സക്കറിയ, ഡോ. ആർ. അനിത , മുൻ സിൻഡിക്കേറ്റ് അംഗം രാജു ഏബ്രഹാം, എം.ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ , കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ , ഡി. എസ്.എസ് ഡയറക്ടർ
ഡോ. എം. കെ ബിജു , സർവകലാശാല യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ,
സംഘാടകസമിതി രക്ഷാധികാരികളായ നിർമ്മലാദേവി, പി.ബി. ഹർഷകുമാർ , പി.ആർ. പ്രസാദ് ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി. ആർ. പ്രദീപ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. റെയ്‌സൺ സാം രാജു, പ്രോഗ്രാം കമ്മിറ്റി കൺവീനർ അമൽ ഏബ്രഹാം , സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പി. എസ്. വിപിൻ എന്നിവർ പങ്കെടുത്തു.
സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് തുടക്കം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം തിരുവാതിരകളി ജില്ലാ സ്റ്റേഡിയത്തിലും സമൂഹഗാനം റോയൽ ഒാഡിറ്റോറിയത്തിലും കേരളനടനം കാതോലിക്കേറ്റ് കോളേജ് ഒാഡിറ്റോറിയത്തിലും നടന്നു.