എരുമേലി : എസ്. എച്ച്.ഒ സസ്‌പെൻഷനിലായി ഒരു മാസം പിന്നിടുമ്പോഴും പുതിയ ആൾ എത്താത്തത് എരുമേലി പൊലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നു. സ്‌റ്റേഷനുള്ളിൽ ചിലർ മണൽ മാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനാൽ പലരും ഇവിടേക്ക് വരാൻ തയ്യാറാകുന്നില്ല. ശബരിമല തീർത്ഥാടനകാലത്ത് ദേവസ്വം ബോർഡിന്റെ താത്ക്കാലിക കരാറുകാർ തമ്മിലുള്ള പകയാണ് എസ്.എച്ച്.ഒയുടെ സസ്‌പെൻഷനിലെത്തിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഒരു വിഭാഗത്തിന് അനുകൂലമായി എസ്.എച്ച്.ഒ പ്രവർത്തിച്ചതായും കൈക്കൂലി വാങ്ങിയതായും പരാതി ഉയർന്നു. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടിൽ പൊലീസ് വാഹനം ഇട്ടതിനെ ചൊല്ലി പൊലീസുമായുണ്ടായ തർക്കവും പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നു. ഒരു വർഷം മുൻപ് എരുമേലി സ്വദേശിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലി വിഷയത്തിൽ സ്ഥലം മാറ്റിയിരുന്നു. നിലവിൽ സ്‌റ്റേഷനിൽ പൊലീസുകാരുടെ എണ്ണത്തിലും കുറവാണുള്ളത്.