കോട്ടയം: റോഡരികിലൂടെ, പോകുന്ന ആരും ഒന്ന് തിരിഞ്ഞു നോക്കുന്ന സുന്ദരിയായി ബ്ലു പെട്രിയ എന്നറിയപ്പെടുന്ന പെട്രിയ വൈൻ ക്രീപ്പർ. കുമാരനെല്ലൂർ കൊച്ചാലുംമൂട് റോഡിൽ ഡോ.ഹരീഷ് ചന്ദ്രൻ നായരുടെയും ഡോ.മായാകുറുപ്പിന്റെയും വീട്ടിലാണ് ലാവൻഡർ വസന്തമൊരുക്കി ബ്ലു പെട്രിയ പൂത്തുലഞ്ഞത്. വെസ്റ്റേൺ ടച്ചുള്ള വള്ളിച്ചെടികളിൽ ചെടികളിൽ ഒന്നാണ് പെട്രിയ വൈൻ ക്രീപ്പർ. വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂവിടുന്നത്. ബ്ലു പെട്രിയാ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും നിരവധി പേർ എത്തുന്നുണ്ട്. പൂക്കുലകളിലെ മധുരം നുകരുന്നതിനായി തേനീച്ചകളും എത്തുന്നുണ്ട്. ഏപ്രിലിലാണ് പെട്രിയ പൂവിടുന്നത്. ഇല പരുപരുത്തതായതിനാൽ, സാൻ പേപ്പർ വൈൻ, പെട്രിയ വയലറ്റ് ക്രീപ്പെർ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സൂര്യ പ്രകാശം അധികം ലഭിക്കുന്ന സ്ഥലത്താണ് വളരാൻ അനുയോജ്യം. പാർക്കുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും കമാന ആകൃതിയിൽ ക്രമീകരിക്കാവുന്ന പ്രത്യേക തരം വള്ളിച്ചെടിയാണിത്. വർഷങ്ങൾക്ക് മുൻപ് ഡോ.ഹരീഷിന്റെ കുടുംബ സുഹൃത്തായ കുഞ്ഞായി കൊച്ചമ്മ എന്നയാളിൽ നിന്നാണ് ചെടി ലഭിച്ചത്. സമീപവാസികളടക്കം നിരവധി പേർ ചെടിയുടെ തണ്ടുകൾ കൊണ്ടുപോകാറുണ്ട്.