കടനാട്: നീലൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ചിരകാലസ്വപ്നം പൂവണിഞ്ഞു. വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം ഹോമിയോ സബ് സെന്റർ പ്രവർത്തനമാരംഭിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സബ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സെൻസി പുതുപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി.നീലൂർ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ മാത്യു സിറിയക് ഉറുമ്പുകാട്ട്,ജനപ്രതിനിധികളായ ജെയ്‌സി സണ്ണി,സോമൻ വി ജി,ബിന്ദു ജേക്കബ്,ജിജി തമ്പി,മധു കെ ആർ,ബിന്ദു ബിനു,മെർലിൻ റൂബി ജെയ്‌സൺ,ജെയ്‌സൺ പുത്തൻകണ്ടം,സിബി ചക്കലാക്കൽ, ഗ്രേസി ജോർജ്,കുരുവിള പി,റീത്താമ്മ ജോർജ്,മെഡിക്കൽ ഓഫീസർ ഡോ. ചിന്തു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സബ് സെന്ററിനു വേണ്ടി കെട്ടിടം സൗജന്യമായി വിട്ടുനൽകിയ നീലൂർ സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.