കോട്ടയം: കുന്നോളം മാലിന്യം. കോടിമത ബൈപ്പാസ് റോഡിൽ മാലിന്യക്കൂമ്പാരമാണ്. മണിപ്പുഴ റോഡിൽ നിന്നും കോടിമത ബൈപ്പാസ് റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ഇടറോഡിലാണ് മാലിന്യം വലിയ തോതിൽ കുന്നുകൂടിയിരിക്കുന്നത്. മാലിന്യതള്ളുന്നതിനെതിരെ നഗരസഭയുടെ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് നോക്കുകുത്തിയാകുന്ന സ്ഥിതിയാണ്. ബോർഡിൽ ചുവട്ടിൽ പോലും മാലിന്യക്കൂമ്പാരമാണ്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്കുകൾ, ചാക്കിൽക്കെട്ടിയ മാലിന്യം തുടങ്ങിയവയാണ് ഇക്കൂട്ടത്തിലുള്ളത്. മണിപ്പുഴയിൽ നിന്നും ആരംഭിക്കുന്ന ബൈപ്പാസ് റോഡിനിരുവശങ്ങളിലും ഇല്ലിക്കൂട്ടവും മുളക്കൂട്ടവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് മറയാക്കിയാണ് മാലിന്യം തള്ളുന്നത്. വൈകുന്നേരങ്ങളിലും രാവിലെയും നടക്കാനായി നിരവധിയാളുകൾ ബൈപ്പാസ് റോഡിനെയാണ് ആശ്രയിക്കുന്നത്. മാലിന്യം അഴുകി ദുർഗന്ധവും ഇവിടെ നിന്നും വമിക്കുന്നുണ്ട്.
മണ്ണിട്ട് മൂടും
മാലിന്യം കുന്നുക്കൂടി കിടക്കുന്നതിന് സമീപത്തായാണ് സ്വകാര്യ വ്യക്തിയുടെ സിമന്റ് കട്ട നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ മുൻവശത്ത് പോലും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്. നീക്കാൻ സാധിക്കാത്തതിനാൽ മാലിന്യം മണ്ണിട്ടു മൂടുകയാണ് ഇവിടെ. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെ ശല്യവും രീക്ഷമാണ്. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.