james

കടുത്തുരുത്തി : അമിതവേഗതയിൽ എത്തിയ ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം. മാഞ്ഞൂർ കൊല്ലമല വീട്ടിൽ ജെയിംസ് ജോസഫ് (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുറുപ്പന്തറ മണ്ണാറപ്പാറയിലാണ് അപകടം. മണ്ണാറപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജെയിംസ് ബാങ്കിൽ പോയശേഷം തിരികെ ഓഫീസിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് വന്ന ടോറസ് ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇരുവശത്തെയും ഗ്ലാസുകൾ ഉയർത്തിവച്ച് ചെവിയിൽ ഫോണിലൂടെ പാട്ട് കേട്ട് കൊണ്ടിരുന്ന ഡ്രൈവർ അപകടം നടന്നതറിയാതെ ലോറിയിൽ ഉടക്കിയ ബൈക്കുമായി മുന്നോട്ടു പോയി. സമീപത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ബഹളംവച്ചാണ് ലോറി നിറുത്തിച്ചത്. വാഹനത്തിനിടയിൽ കുരുങ്ങിയ ജെയിംസിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോറസ് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് മുങ്ങിയ ടോറസ് ലോറിയുടെ ഡ്രൈവർ ആലപ്പുഴ മാരാരിക്കുളം പടാകുളങ്ങര വീട്ടിൽ മാർക്കോസ് (32) പിന്നീട് കീഴടങ്ങി. ഇയാൾക്കെതിരെ കേസെടുത്തു. ഭാര്യ : ജെസി. മക്കൾ : ജെയിവിൻ, ഐവിൻ. സംസ്‌കാരം പിന്നീട്.