camera

ചങ്ങനാശേരി . റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ളായിക്കാട് ജംഗ്ഷനിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറയിൽ ഇതുവരെ കുടുങ്ങിയത് 2800 പേർ. ജനുവരി മുതലാണ് കാമറ പ്രവർത്തനം ആരംഭിച്ചത്. ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ യാത്രക്കാർ, അമിത വേഗം, ലൈസൻസ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയവയ്ക്കാണ് പിടിവീഴുന്നത്. നിയമംലംഘിക്കുന്നവർക്ക് കോട്ടയത്തു നിന്നുള്ള പൊലീസ് കേന്ദ്രത്തിൽ നിന്ന് അതാത് സ്റ്റേഷന്റെ ഗ്രാഫിക്ക് യൂണിറ്റിന് വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതമാണ് വിവരങ്ങൾ എത്തുന്നത്. ഇത് വാഹന ഉടമകളുടെ അഡ്രസ്സിലേക്ക് അയക്കും.

പിഴ അടച്ചില്ലേൽ കോടതിയിൽ കയറണം.

എഴ് ദിവസത്തിനകം തുക ഓൺലൈൻ മുഖേനയോ, സ്റ്റേഷനിൽ എത്തിയോ അടയ്ക്കാം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ കോട്ടയം പൊലീസ് യൂണിറ്റിൽ അറിയിക്കും. തുടർന്നും പിഴ അടയ്ക്കാതെ വന്നാൽ കേസ് കോടതിയിലേക്ക് കൈമാറും. വാഹൻപരിവാറുമായി ബന്ധിപ്പിച്ചാണ് റോഡ് നിയമലംഘനങ്ങൾക്ക് വാഹന ഉടമകൾക്ക് നോട്ടീസ് അയയ്ക്കുന്നതും പിഴ തുക സ്വീകരിക്കുന്നതും. തുരുത്തി കാനായിലും കാമറകൾ പ്രവർത്തിക്കുന്നുണ്ട്. എസ്.എച്ച് ജംഗ്ഷൻ, റെയിൽവേ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, ആലപ്പുഴ റോഡ്, പാലാത്തറ ജംഗ്ഷൻ എന്നിവിടങ്ങളിലും ക്യാമറകൾ സ്ഥാപിക്കും.