പുതുപ്പള്ളി: ഇനി തകരാൻ ബാക്കിയില്ല..! നിറയെ നടുവൊടിക്കുന്ന കുഴികൾ. പുതുപ്പള്ളി തോട്ടയ്ക്കാട് ചങ്ങനാശേരി ഇടറോഡ് പൊട്ടി തകർന്ന് കുളമാകാൻ ഈ കുഴികൾ തന്നെ കാരണം. പുതുപ്പള്ളി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി, പുതിയ ഗതാഗത പരിഷ്‌ക്കരണം ഏർപ്പെടുത്തിയതിനെ തുടർന്ന് പുതുപ്പള്ളി സ്റ്റാൻഡിനു സമീപത്തെ രണ്ട് ഇടറോഡുകളിലൂടെയാണ് വാഹനങ്ങൾ ചങ്ങനാശേരി റോഡിലേയ്ക്ക് പ്രവേശിക്കുന്നത്. പുതുപ്പള്ളി പഞ്ചായത്ത് കാര്യാലയത്തിന് സമീപത്ത് കൂടെയുള്ള റോഡാണ് പൊട്ടി തകർന്നു കിടക്കുന്നത്. ചങ്ങനാശേരി റോഡിലേക്ക് വേഗത്തിൽ പ്രവേശിക്കാമെന്നുള്ളതിനാൽ കോട്ടയത്ത് നിന്നും മണർകാട് നിന്നും എത്തുന്ന വാഹനങ്ങൾ പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ റോഡിനെയാണ് ആശ്രയിക്കുന്നത്. ചങ്ങനാശേരി ഭാഗത്ത് നിന്നും എത്തുന്നവർക്ക് തോട്ടയ്ക്കാട് മേഖലകളിലേക്ക് പോകുന്നതിനും ഈ റോഡാണ് ആശ്രയം. പുതുപ്പള്ളി കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ മുൻപും വാഹനങ്ങൾ കടത്തിവിട്ടിരുന്നത് ഈ റോഡിലൂടെയാണ്. എന്നാൽ, റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ, കുഴികൾ നികത്തുന്നതിനോ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ റോഡിൽ വേനൽമഴയെ തുടർന്ന് കുഴികളിൽ വലിയ തോതിൽ വെള്ളക്കെട്ടും രൂപപ്പെട്ടു.
എന്ത് സംരക്ഷണം?
റോഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടില്ല. കാട് പിടിച്ചുകിടക്കുന്ന റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. വഴിവിളക്കുകൾ തെളിയാത്തതും റോഡിൽ അപകടത്തിന് സാധ്യതയേറുന്നു. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.