പാലാ : പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥികൾ അരുണാപുരം ഗവ.എൽ പി സ്‌കൂളിൽ നടത്തിയ 'നിറക്കൂട്ട് 2022 ' ശ്രദ്ധേയമായി. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ആവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്‌കൂളിലെ ചുമരുകളിൽ ചിത്രങ്ങളും മലയാള അക്ഷരമാലയും വരച്ചു. സ്‌കൂൾ പരിസരത്ത് ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിച്ചു. അരുണാപുരം ഗവ.എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിബു മോൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മലയാളഭാഷ പണ്ഡിതൻ റവ. ഡോ.തോമസ് മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര സാക്ഷരതാ സാഫല്യ സാക്ഷ്യപത്രം സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലായ്ക്ക് വേണ്ടി കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി സി തങ്കച്ചൻ ഏറ്റുവാങ്ങി. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ.റ്റി സി തങ്കച്ചൻ സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിബു ജോർജ്ജിന് കൈമാറി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സി. ബീനാമ്മ മാത്യു, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ലവിനാ ഡൊമിനിക്, സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ്ജ്, ടീച്ചർ ഇൻചാർജ് ഡോ. അലക്‌സ് ജോർജ് സ്റ്റുഡന്റ് കോർഡിനേറ്റർമാരായ സോജോ ജോൺ, കുമാരി രേഷ്മ രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.