കിടങ്ങൂരിൽ കഞ്ചാവ് മാഫിയ ശക്തം

കിടങ്ങൂർ: ടൗണിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പൊലീസാകട്ടെ നോക്കുകുത്തിയും. പരാതിയേറുമ്പോൾ 'അഡ്ജസ്റ്റുമെന്റിന്റെ ' പേരിൽ രണ്ടോ മൂന്നോ ഗ്രാം കഞ്ചാവുമായി അറസ്റ്റ് നാടകം നടത്തി കിടങ്ങൂർ പൊലീസ് തടിയൂരുകയാണെന്നാണ് ആക്ഷേപം.

കിടങ്ങൂർ ടൗൺ, സൗത്ത്, എഞ്ചിനീയറിംഗ് കോളേജ് ഭാഗം, ചേർപ്പുങ്കൽ, കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നുണ്ട്. കമ്പത്ത് നിന്നും കുമളി വഴി നേരിട്ട് കിടങ്ങൂരിലെത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലായി വിൽക്കാൻ യുവാക്കളടങ്ങിയ ഇരുപതിലധികം ആളുകളുള്ള ഒരു സംഘം പ്രവർത്തിക്കുന്നതായാണ് രഹസ്യവിവരം. ഇതിൽ ഭൂരിപക്ഷവും യുവാക്കളാണ്. കിടങ്ങൂർ എൻജിനീയറിംഗ് കോളേജിന് സമീപം സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ലഭിച്ചെങ്കിലും പൊലീസ് നടപടികൾ പേരിന് മാത്രമെന്നാണ് ആരോപണം.

മാസപ്പടി മറക്കില്ല

കഞ്ചാവ് മാഫിയായോട് മാസപ്പടി വാങ്ങുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നുള്ളതും പരസ്യമായ രഹസ്യമാണ്. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയാലും റെയ്ഡ് വിവരം നേരത്തെ കഞ്ചാവ് മാഫിയയ്ക്ക് ചോർത്തിക്കൊടുക്കുന്നുവെന്നും ആരോപണമുണ്ട്. കിടങ്ങൂരിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെക്കുറിച്ചും ഏറെ ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.