വെച്ചൂർ: 2021,2022 സാമ്പത്തിക വർഷത്തെ പദ്ധതി തുക നൂറൂ ശതമാനം ചെലവഴിച്ച് വെച്ചൂർ ഗ്രാമപഞ്ചായത്ത് ജില്ലയിൽ രണ്ടാം സ്ഥാനത്തും സംസ്ഥാനത്ത് 21-ാം സ്ഥാനത്തുമെത്തി. നെൽക്കൃഷി വികസനം, സുഭിക്ഷ കേരളം, അടുക്കളത്തോട്ടം, കന്നുകുട്ടി പരിപാലനം, സാന്ത്വന പരിചരണ പരിപാടി തുടങ്ങി നിരവധി പദ്ധതികളിൽ പഞ്ചായത്ത് മികവ് തെളിയിച്ചു. മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്ഥമായി 2000ൽ അധികം വരുന്ന തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി കരാറടിസ്ഥാനത്തിൽ ഇലക്ട്രീഷ്യനെ നിയമിച്ചു. നികുതി വരുമാനത്തിലും മികച്ച നേട്ടമുണ്ടാക്കി. 10 വാർഡുകളും 100 ശതമാനം നികുതി പിരിവ് കൈവരിച്ചു. ഭരണസമിതിയുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കായി ലഘു ഭക്ഷണം വിശപ്പ് രഹിത പദ്ധതി നടപ്പാക്കി. ജീവനക്കാരുടെയും ഭരണസമിതിയുടെയും മറ്റ് നിർവഹണ ഉദ്യോഗസ്ഥരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനം മൂലമാണ് മികവ് നിലനിർത്താൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പറഞ്ഞു.