പുല്ലരിക്കുന്നിൽ മൂന്ന് ദിനവസമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
കോട്ടയം: വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു... മൂന്ന് ദിവസമായി പുല്ലരിക്കുന്നിലെ കാഴ്ചയാണിത്. കടുത്ത വേനലിൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ഈ ദുരവസ്ഥ. കോട്ടയം മുൻസിപ്പാലിറ്റിയിലെ പത്താം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് പുല്ലരിക്കുന്ന്. പുല്ലരിക്കുന്നിലെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പാണ് പൊട്ടിയൊഴുകുന്നത്. ആപ്പ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പും പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയാണ്. വേനൽമഴ ഇടയ്ക്ക് ആശ്വാസമായി എത്തുന്നുണ്ടെങ്കിലും പുല്ലരിക്കുന്നിൽ ജലക്ഷാമം രൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളിൽ 120 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നിരവധി കോളനികളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ആകെ പരാതി
പൊട്ടിഒഴുകുന്ന വെള്ളം സമീപത്തെ തോട്ടിലേയ്ക്കാണ് എത്തുന്നത്. റോഡിൽ വെള്ളക്കെട്ടും രൂപപ്പെടുന്നുണ്ട്. റോഡിന് വീതി കുറവായതിനാൽ, വാഹനങ്ങൾ കടന്നുപോകുമ്പോൾ, യാത്രക്കാരുടെ ദേഹത്തെയ്ക്ക് വെള്ളം വീഴുന്നതായും പരാതിയുണ്ട്. നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ലെന്ന് പ്രദേശവാസികളും പറയുന്നു.