കോട്ടയം : തലങ്ങും വിലങ്ങും വാഹനങ്ങൾ, അനധികൃതർ പാർക്കിംഗ്, വഴിയോര കച്ചവടം...കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെ എത്തിപ്പെടാനുള്ള പാട് ചില്ലറയില്ല. കുരുങ്ങി കുരുങ്ങി വാഹനങ്ങൾ നീണ്ടുകിടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് യാത്രക്കാർ. പലർക്കും കൃത്യസമയത്ത് ജോലി സ്ഥലങ്ങളിൽ പോലും എത്താനാകുന്നില്ല. ട്രാഫിക് നിയന്ത്രണത്തിന് കഞ്ഞിക്കുഴിയിൽ പൊലീസുണ്ടെങ്കിലും ഒരു കാര്യവുമില്ല. വാഹനങ്ങൾ തോന്നുംപടി തിരിക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് ഇവർ. ഇന്നലെ കഞ്ഞിക്കുഴി പാലം മുതൽ ആരംഭിച്ച വാഹനങ്ങളുടെ നിര കളക്ടറേറ്റ് പടി കഴിഞ്ഞും നീണ്ടു. രാവിലെയും വൈകിട്ടുമാണ് തിരക്ക് കൂടുതൽ. ഇടറോഡുകളിൽ നിന്ന് ചെറുവാഹനങ്ങൾ ഉൾപ്പെടെ ഇടയ്ക്ക് തിരുകി കയറുന്നതും കുരുക്കിന്റെ ആക്കം കൂട്ടി. സ്‌കൂട്ടർ യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കനത്ത ചൂടിൽ മണിക്കൂറോളം റോഡിൽ വാഹനങ്ങൾക്കിടയിൽ കുരുങ്ങിപ്പോയ നിലയിലാണ് യാത്രക്കാർ. വർഷങ്ങളായി കഞ്ഞിക്കുഴിയിലെ ശാപമാണ് ഗതാഗതക്കുരുക്ക്. ഫ്ലൈഓവർ അടക്കം നിരവധി പദ്ധതികൾ കൊണ്ടുവന്നെങ്കിലും കടലാസിൽ മാത്രം ഒതുങ്ങി.