എരുമേലി: നാല് വർഷം പിന്നിട്ടിട്ടും അഗ്നിരക്ഷാസേനയുടെ ഓഫീസ് നിർമ്മാണം അനിശ്ചിതമായി നീളുന്നു. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തിട്ടും ഫയർ സ്റ്റേഷന്റെ നിർമ്മാണം നടക്കാത്തത് കെടുകാര്യസ്ഥത മൂലമെന്ന ആരോപണം ശക്തമാണ്. എരുമേലി പഞ്ചായത്ത് നിയമവ്യവസ്ഥയിലൂടെ ഏറ്റെടുത്ത ഊരുങ്കകടവിലാണ് ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫയർഫോഴ്സ് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എരുമേലി കൊരട്ടി പിൽഗ്രി അമിനിറ്റി സെന്ററിനോട് ചേർന്നു ഫയർ സ്റ്റേഷൻ നിർമ്മിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. എരുമേലിയിൽ നിന്നു 2 കി. ലോമീറ്റർ മാറി മണിമലയാറ്റിലെ ഊരുങ്കകടവിൽ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് ഫയർസ്റ്റേഷൻ നിർമ്മിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. ഇതോടൊപ്പം മറ്റു ചില സ്ഥാപനങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതൊന്നും നടപ്പായില്ല.

തുക വകയിരുത്തിയിട്ടില്ല

പഞ്ചായത്ത് ബഡ്ജറ്റിലും ഇത്തവണ പദ്ധതി നടപ്പാക്കാൻ തുക വകയിരുത്തിയിട്ടില്ല. മണ്ഡലമകരവിളക്ക്, ശബരിമല സീസണിൽ കാഞ്ഞിരപ്പള്ളി നിന്നുള്ള താത്ക്കാലിക ഫയർ സ്റ്റേഷനാണ് എരുമേലിയിൽ പ്രവർത്തിക്കുന്നത്. വലിയ അപകടങ്ങളും മറ്റും സംഭവിച്ചാൽ റാന്നി,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിച്ചേരേണ്ട അവസ്ഥയാണിപ്പോൾ. അടുത്ത സീസൺ വരുന്നത് കാത്തുനിൽക്കാതെ അടിയന്തരമായി ഫയർസ്റ്റേഷന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.