പാലാ: കൊവിഡ് കാലത്ത് മാജിക്കിന്റെ അരങ്ങൊഴിഞ്ഞപ്പോൾ ഷോർട്ട് ഫിലിമുകളിൽ വിസ്മയം തീർത്ത മജീഷ്യൻ കണ്ണൻമോനും കൂട്ടുകാർക്കും വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാതല പുരസ്‌കാരം. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദയാർത്ഥിയായ മജീഷ്യൻ കണ്ണൻമോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ''ഒരു കൊവിഡ്കാല കാഴ്ച' എന്ന ആരോഗ്യ ബോധവത്ക്കരണ ഷോർട്ട് ഫിലിമിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് യൂണിസെഫിന്റെ സഹകരണത്തോടെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖാന്തിരം സംഘടിപ്പിച്ച ''സർഗവസന്തം പ്രാണ'' കലോത്സവത്തിലാണ് കണ്ണൻമോനും കൂട്ടുകാരും തയ്യാറാക്കിയ ഷോർട്ട്ഫിലിം മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
കൊവിഡ് കാലത്ത് മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു ഷോർട്ട് ഫിലിം.
കൂട്ടുകാരായ ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അരവിന്ദ് സോണിയ്ക്കും വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിനവ് സോണിയ്ക്കും ഒപ്പം കണ്ണൻമോനും മാതാവ് ശ്രീജയും മുത്തച്ഛൻ രാമകൃഷ്ണൻ നായരും ഷോർട്ട്ഫിലിമിൽ വേഷമിട്ടു.
മുത്തച്ഛൻ രാമകൃഷ്ണൻ നായരും മാതാവ് ശ്രീജയും കാമറ കൈകാര്യം ചെയ്തു. മൊബൈൽ ഫോണിലായിരുന്നു ചിത്രീകരണം. കണ്ണൻമോൻ എന്ന എസ്. അഭിനവ് കൃഷ്ണ 500ൽപരം വേദികളിൽ മാജിക്‌ഷോ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി മാജിക് അവതരിപ്പിച്ചതും ഈ കൊച്ചുമാന്ത്രികനാണ്. ഏഴാച്ചേരി തുമ്പയിൽ സുനിൽകുമാർ ശ്രീജ ദമ്പതികളുടെ മകനാണ്. അവാർഡും സർട്ടിഫിക്കറ്റുകളും ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക വിതരണം ചെയ്തു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അഞ്ജുമോൾ സ്‌കറിയയും പങ്കെടുത്തു.