പാലാ : അനാഥരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനിൽ വിശാലമായ മറ്റൊരു മന്ദിരം ഉയരുന്നു. പ്രധാനമായും കിടത്തി ചികിത്സയ്ക്കായുള്ള ഈ കാരുണ്യ മന്ദിരം സൗജന്യമായി പണിത് നൽകുന്നത് പ്രമുഖ റോഡ് കോൺട്രാക്ടറായ രാജി മാത്യു പാംബ്ലാനിയാണ്.
ആറുവർഷം മുമ്പ് അന്തരിച്ച പിതാവ് പി.എസ്.മാത്യുവിന്റെയും, 16 വർഷം മുമ്പ് അന്തരിച്ച മാതാവ് അച്ചാമ്മ മാത്യുവിന്റെയും ഓർമ്മയ്ക്കായാണ് കാരുണ്യ മന്ദിരം മരിയസദന് പണിത് സമർപ്പിക്കുന്നത്. പാലാ - തൊടുപുഴ റൂട്ടിൽ കാനാട്ടുപാറയിൽ നിന്ന് മരിയസദനിലേക്കുള്ള കയറ്റം കയറുമ്പോൾ വലതുവശത്ത് മരിയസദന്റെ പൂമുഖം അലങ്കരിക്കുക ഇനി 'പി.എസ്.മാത്യു - അച്ചാമ്മ മാത്യു സ്മാരക കാരുണ്യകേന്ദ്രമായിരിക്കും.
6000 സ്‌ക്വയർ ഫീറ്റിലായി മൂന്ന് നിലകളിലായാണ് നിർമ്മാണം. അടിനിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. രണ്ടാം നിലയിൽ രോഗികളുടെ കൺസൾട്ടേഷനും ഫാർമസിയും പ്രവർത്തിക്കും. മൂന്നാം നിലയിലാണ് കിടത്തി ചികിത്സ. 30 ഓളം ബെഡുകൾ ഇവിടെയിടാനുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. 60 ലക്ഷത്തിൽപ്പരം രൂപ മുടക്കിയാണ് നിർമ്മാണം. ആഗസ്റ്റ് മാസത്തോടെ പണികൾ പൂർത്തീകരിച്ച് കെട്ടിടം മരിയസദന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചല്ല ഇത് ചെയ്യുന്നത്. അതിനാൽ ഒരുതരത്തിലും ഈ വിവരം പുറത്തുപോകരുതെന്ന് മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫിനോട് സ്‌നേഹബുദ്ധ്യാ നിർദ്ദേശിച്ചിരുന്നുവെന്നും രാജി മാത്യു പറഞ്ഞു.
ആരും അറിയരുതെന്ന് രാജി മാത്യു ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരോപകാര തത്പരതയും കാരുണ്യമനസ്സും സമൂഹം തീർച്ചയായും തിരിച്ചറിയണമെന്നുള്ളതുകൊണ്ടാണ് സമൂഹത്തിലേക്ക് പങ്കുവയ്ക്കുന്നതെന്ന് മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു.