ഈരാറ്റുപേട്ട : മീനിച്ചിലാറ്റിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പാലത്തിനടിയിൽ ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടത്. തിടനാട് കൂലിപ്പണി ചെയ്ത് താമസിക്കുന്ന 'അടൂർ പിള്ള' എന്നറിയപ്പെടുന്ന അടൂർ പഴകുളം സ്വദേശി ചന്ദ്രവിലാസം ഗോപാലൻ നായർ (77) ആണ് മരിച്ചത്. ഇടത് കൈയും കാലുകളും ഉടുമുണ്ടും വള്ളിയും കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസും നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞമാസം 23 നാണ് ഇയാളെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ 28 ന് അടൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആത്മഹത്യ കുറിപ്പ് എഴുതിവച്ചിരുന്നതായും പൊലീസ് പറയുന്നു. തന്റെ മൃതദേഹം ആരെയും കാണിക്കരുതെന്നായിരുന്നു ഇതിലുണ്ടായിരുന്നത്. മെഡിക്കൽ കോളേജിലേ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ : രാധാമണി.