കോട്ടയം : വേനൽ മഴയെത്തിയതോടെ പകർച്ചവ്യാധി ഭീതിയിൽ ജനം. വിവിധയിടങ്ങളിൽ ഡെങ്കിപ്പനിയടക്കം റിപ്പോർട്ട് ചെയ്ത് തുടങ്ങി. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴയെത്തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുജന്യ രോഗങ്ങൾ പടരാൻ കാരണമാകും. പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. എല്ലാ വീടുകളിലും ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നും അധികൃതർ അറിയിച്ചു. ഉപയോഗശൂന്യമായ വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കൊതുകുകൾ കൂടുതൽ പെറ്റു പെരുകുന്നത് റബർ തോട്ടങ്ങളിലാണ്. ടയറുകൾ, വെട്ടിയ കരിക്കുകൾ, വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള കുഴികൾ തുടങ്ങിയവയുടെ ഉൾഭാഗം മണ്ണിട്ട് മൂടണം. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കും സാധ്യതയുള്ള സമയമാണിത്. കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ടേൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കണം. വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപ യോഗിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.