
മുണ്ടക്കയം. മലയോര ജനത പുലിപ്പേടിയിൽ കഴിയാൻ തുടങ്ങിയിട്ട് നാളേറെയായി. ഇടക്കിടെ വന്ന് കാലികളെ കൊന്നിട്ടിട്ടു പോകുന്ന പുലിയുടെ കാൽപ്പാടുകൾ മാത്രമാണ് വനംവകുപ്പിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് കൂടു സ്ഥാപിക്കുന്നതോടെ തീരുന്നു വനംവകുപ്പിന്റെ കൃത്യ നിർവഹണം. ടി.ആർ.ആൻഡ് ടി.എസ്റ്റേറ്റിൽ രണ്ടിടങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇ.ഡി.കെ.ഒന്നാം ഭാഗത്ത് രണ്ടാമത് സ്ഥാപിച്ച കൂട്ടിലും പുലി കുടുങ്ങാതായതോടെ എസ്റ്റേറ്റ് നിവാസികളുടെ ഭീതി ഇരട്ടിച്ചു. എസ്റ്റേറ്റുമായി അതിർത്തി പങ്കിടുന്ന വനത്തോട് ചേർന്ന പുഞ്ചവയൽ പാക്കാനത്തും വളർത്തുമൃഗത്തെ പുലി പിടിച്ചു.
ഇ.ഡി.കെ.ഡിവിഷനിൽ പശുക്കിടാവിനെ കടിച്ചുകീറി കൊന്നനിലയിൽ കണ്ടതോടെയാണ് തേക്കടിയിൽ നിന്ന് വനംവകുപ്പ് കൂട് കൊണ്ടുവന്നത്. തുടർന്ന് ചെന്നാപ്പാറയുടെ വിവിധ മേഖലകളിൽ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇ.ഡി.കെ.ഒന്നാം ഭാഗത്ത് മറ്റൊരു പശുക്കിടാവിനെക്കൂടി പുലി അക്രമിച്ച് കൊന്നതോടെ കൂട് അവിടേയ്ക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടെയും ദിവസങ്ങൾ കൂട് സ്ഥാപിച്ചെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
മുൻപഞ്ചായത്ത് അംഗം ടി.ഡി. ഗംഗാധരന്റെ വളർത്തുനായയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത മൃഗത്തിന്റെ കാൽപ്പാടുകൾ കൂടിന് സമീപം കണ്ടത്.
നായയുടെ തുടലും ബെൽറ്റും പൊട്ടിവീണ നിലയിലും സമീപത്ത് രക്തവും കണ്ടതോടെ പുലിയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് പ്രദേശവാസികൾ. വനപാലകർ ഇത് സ്ഥിരീകരിച്ചില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് പുലിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാവൂ എന്ന നിലപാടിലായിരുന്നു അവർ.
എന്നാൽ പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയരുകയാണ്.
പ്രദേശവാസിയായ നാരായണൻ പറയുന്നു.
കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാവണം. ജനങ്ങൾ വനത്തിൽ കയറിയാലും വിറകു പെറുക്കിയാലും കേസെടുക്കുന്ന വനംവകുപ്പ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മനുഷ്യജീവന് എന്തെങ്കിലും സംഭവിച്ചാൽ വനം ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും.