വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ എതിരേൽപ്പ്, താലപ്പൊലി നാളെ ആരംഭിക്കും. 8ന് ചെമ്മന്നത്തുകര എൻ.എസ്.എസ് 1173, 9ന് പള്ളിപ്പുറത്തുശ്ശേരി എൻ.എസ്.എസ് 909, 10 ന് മൂത്തേടത്ത്കാവ് എൻ.എസ്.എസ് 1468, 11 ന് കണ്ണുകെട്ടുശ്ശേരി എൻ എസ് എസ് 1472, 12 ന് ചെമ്മനത്തുകര .എൻ എസ് എസ് 1179 കരയോഗങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തി താലം സമർപ്പിക്കും. എതിരേൽപ്പ് രാത്രി 10ന് നടക്കും. 13ന് കാവ് ഇളവ്. 14 ന് രാത്രി ഗരുഡൻ തൂക്കം ക്ഷേത്രത്തിലെത്തും. 15ന് വിഷു ഉത്സവം. തോ​റ്റംപാട്ട് വിൽപ്പാട്ട് എന്നിവയോടപ്പം ദീപാരാധനക്ക് ശേഷം അത്താഴ പൂജയ്ക്കായി അരിയളക്കൽ ചടങ്ങും പുർത്തിയാക്കും. മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി ക്ഷേത്രത്തിന് മുൻവശം കൂട്ടിയിട്ടിരിക്കുന്ന എരി തേങ്ങയിലക്ക് അഗ്‌നി പകരും. ഭക്തർ വഴിപാടായി സമർപ്പിച്ച് പന്തീരായിരത്തിലധികം നാളികേരം അഗ്‌നിയിൽ എരിഞ്ഞമരും. മധുരാപുരി കത്തിയമരുന്നതിന്റെ പ്രതികമായാണ് എരി തേങ്ങ സമർപ്പണമെന്നാണ് വിശ്വാസം. തീയാട്ടുണ്ണി ഉറഞ്ഞു തുള്ളി നാലമ്പലത്തിൽ എഴുതിയ കാളം മായ്ച്ച് കോവിലിലേക്ക് അരിയേറ് നടത്തുന്നതോടെ ക്ഷേത്രനടയും ഗോപുര വാതിലുകളും അടയ്ക്കും. മൂത്തേടത്തുകാവ് ഭഗവതി പാണ്ഡ്യ ദേശത്തേക്ക് പോകുന്നതായാണ് വിശ്വാസം. മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം 1ന് ദേവി തിരിച്ചെത്തുന്നതോടെ മാത്രമേ ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളും ദർശനവും പുനരാരംഭിക്കുകയുള്ളു.