
കോട്ടയം. പെരുമഴയത്ത് ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും വെയിൽ മൂത്താൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യേണ്ട സവിശേഷ കാലാവസ്ഥയിൽ അനുയോജ്യമായ ഭൂമിക്ക് വൻ ഡിമാൻഡ്. പ്രളയ മേഖലകളിൽ നിന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് ഗ്രാമീണ മേഖലകളിൽ എത്തുന്നവരുടെ എണ്ണം ഉയരുകയാണ്. ഇതോടെ സ്ഥലവില ഉയരുന്നു. പുതിയ ഭൂമിക്കായുള്ള അന്വേഷണം ആരംഭിച്ചതോടെയാണ് ഡിമാൻഡ് വർദ്ധിച്ചത്.
സ്ഥലം വിൽപ്പനയ്ക്കുണ്ടെന്ന് കാണിച്ച് ധാരാളം പേരാണ് ഓരോ ദിവസവും സമീപിക്കുന്നതെന്ന് ഇടനിലക്കാരായ ഏജന്റുമാർ പറയുന്നു. അപ്രതീക്ഷിത ദുരന്തം മലയോരമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് മനംമാറ്റം. കുട്ടനാട് നിന്നുവരെ ജില്ലയിൽ 'സേഫ് സോണുകളിലേയ്ക്ക്' ആളുകൾ എത്തുന്നുണ്ട്. വെള്ളം കയറാത്ത കുടിവെള്ളം ലഭ്യമായ സ്ഥലമാണ് എല്ലാവരുടേയും ആവശ്യം. ഒരുപാട് സ്ഥലം ആർക്കും വേണ്ട. പരമാവധി പത്ത് സെന്റും അവിടൊരു വീടുമാണ് ലക്ഷ്യം. മണിമല, എരുമേലി, പാലാ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, അയർക്കുന്നം, കറുകച്ചാൽ, പുതുപ്പള്ളി, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിൽ വെള്ളംകയറാത്ത പ്രദേശങ്ങളിൽ വസ്തു അന്വേഷിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഉയർന്ന പ്രദേശമാണെങ്കിലും വെള്ളം കിട്ടുന്ന ഇടമാണെങ്കിൽ നല്ല ഡിമാൻഡുണ്ട്.
ഏജന്റുമാർക്ക് നല്ലകാലം.
വസ്തു ഇടപാടിന് ഇടനിലക്കാർക്ക് മൂന്ന് ശതമാനം കമ്മിഷൻ.
നല്ല സ്ഥലം വാങ്ങി വീടുവച്ചു വിൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചു.
കൂടുതൽ പേർ സമീപിച്ചാൽ ഏജന്റുമാരുടെ സമയം തെളിയും.
ഭൂമി ബ്രോക്കർ സജീവ് കുമാർ പറയുന്നു.
'' ഭൂമിവിൽക്കാനും വാങ്ങാനും ധാരാളം പേർ സമീപിക്കുന്നുണ്ട്. ആറിനും തോടിനും ചേർന്ന് ഇപ്പോൾ വീട് വേണ്ടെന്ന നിലപാടാണ് ആളുകൾക്ക്. പ്രധാന പാതയോരത്തെ സ്ഥലങ്ങൾ വികസനത്തിന്റെ പേരിൽ നഷ്ടമായേക്കുമെന്ന് ഭയമുള്ളതും ഗ്രാമീണ പ്രദേശങ്ങളിലെ സ്ഥലം അന്വേഷിക്കാൻ കാരണമാകുന്നു''