lungs

കോട്ടയം. കനത്ത പൊടിയും ചൂടും. പിന്നാലെയുള്ള മഴയും തണുപ്പും. ഇവയെല്ലാം ഒത്തുചേർന്ന പുതിയ കാലാവസ്ഥയിൽ കുട്ടികളിൽ ശ്വാസകോശ രോഗങ്ങളും വർദ്ധിക്കുന്നു. ഇടവിട്ടുള്ള പനിയും ചുമയും അതീവ ഗൗരവത്തിലെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ന്യുമോണിയ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻവർദ്ധനവാണുള്ളത്. പൊടിയടിച്ചാലോ, തണുത്തത് എന്തെങ്കിലും കഴിച്ചാലോ പനി ബാധിക്കുകയാണ്.

രോഗലക്ഷണങ്ങൾ.

ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയർക്കൽ, വിറയൽ, ക്ഷീണം എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങൾ. ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. രക്തത്തിൽ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങൾക്കും ശ്വാസകോശാവരണത്തിലെ നീർക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകും. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചേക്കാം. അതിനാൽ തന്നെ ആരംഭത്തിലെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പൊടിയുള്ള സാഹചര്യത്തിൽ നിന്ന് കുട്ടികളെ മാറ്റുക.

അരുമ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
കുട്ടികളുടെ സമീപത്ത് നിന്നുള്ള പുകവലി ഒഴിവാക്കണം.

കോട്ടയത്തെ കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശ് പറയുന്നു.

പനിയെത്തുടർന്നുള്ള അണുബാധയുമായി ബന്ധപ്പെട്ട് അഡ്മിറ്റാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളിൽ മാസ്ക് ശീലമാക്കണം.