
കോട്ടയം. പാതി ചെലവുവഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഉപാധി അംഗീകരിക്കാതെ സംസ്ഥാന സർക്കാർ ശബരിപാതപദ്ധതി അഞ്ചുവർഷം ഇട്ടുതല്ലിയപ്പോൾ ചെലവിലുണ്ടായ വർദ്ധന 532 കോടി. 2017ൽ 2815കോടിയായിരുന്നു 111കിലോമീറ്റർ പാതയ്ക്ക് ചെലവ് പ്രതീക്ഷിച്ചിരുന്നത്. റെയിൽവേയ്ക്ക് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റ് 3347.35 കോടി രൂപയുടേതാണ്.
പുതിയ എസ്റ്റിമേറ്റ് തയാറാക്കാൻ റെയിൽവേ ബോർഡ് കെ റെയിലിനെ ചുമതലപ്പെടുത്തി. അങ്കമാലി - രാമപുരം ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് നേരത്തെ സമർപ്പിച്ചിരുന്നു. അന്ന് രാമപുരം - എരുമേലി ലൊക്കേഷൻ സർവേ പൂർത്തിയായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ റെയിൽ ലിഡാർ വിദ്യ ഉപയോഗിച്ച് ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയത്. പിന്നീടാണ് എസ്റ്റിമേറ്റ് പുതുക്കിയത്. സ്ഥലമെടുപ്പോ സർവോ ജോലികളോ പൂർത്തിയാകാത്തതിനാൽ പാത യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുക്കുമെന്നതിനാൽ ചെലവ് ഇനിയും ഉയർന്നേക്കും.
1997- 98 ലെ റെയിൽവെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ സമഗ്ര വികസനം പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നു. എന്നാൽ 2005 വരെ സ്ഥലമേറ്റെടുക്കാൻ സംസ്ഥാനത്തെ മാറി മാറി വന്ന സർക്കാരുകൾക്ക് സാധിക്കാഞ്ഞതാണ് പദ്ധതി ഇഴയാൻ പ്രധാന കാരണം. കേരള സർക്കാർ സ്ഥലമേറ്റെടുത്ത് നൽകാൻ വൈകിയതോടെ 517 കോടിയായിരുന്ന പദ്ധതിത്തുക നാലിരട്ടിയായി വർദ്ധിച്ചു. ഇതോടെ പുതുക്കിയ പദ്ധതിത്തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ചുനിന്നു.
എന്നാൽ 2015ൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തുടർന്ന് പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയിൽ ശബരിപാതയും ഉൾപ്പെടുത്തി. പിന്നീട് സാമ്പത്തിക പ്രതിസന്ധിയാണെന്നും അമ്പത് ശതമാനം ഏറ്റെടുക്കാനാകില്ലെന്നും പറഞ്ഞ് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഇതോടെ കേന്ദ്രം പദ്ധതിക്കായി ബഡ്ജറ്റിൽ അനുവദിച്ച തുക നൽകിയില്ല. ഒരു വർഷം മുമ്പ് പുരോഗതിയില്ലാത്ത പത്ത് പ്രോജക്ടുകൾ നിറുത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. അതിൽ ശബരി പാത പദ്ധതിയുമുൾപ്പെട്ടു. പദ്ധതി അനിശ്ചിതത്വത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കേന്ദ്രറെയിൽവേ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കിഫ്ബിയിൽ പെടുത്തി പകുതി ചെലവു വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.