കോട്ടയം: വിഷു വിപണി സജീവമായതോടെ പച്ചക്കറികളുടെ വില വീണ്ടും ഉയരുന്നു. ബീൻസ്, കാരറ്റ്, പയർ തുടങ്ങിയവയ്ക്കാണ് നിലവിൽ വില കൂടുതൽ. ബീൻസ് 80, പയർ 60, കാരറ്റ് 80 എന്നിങ്ങനെയാണ് വില. 10 രൂപ മുതൽ 20 രൂപ വരെയാണ് വിവിധ പച്ചക്കറികളുടെ വില വർദ്ധനവ്. നിലവിൽ തമിഴ്‌നാട്ടിൽ നിന്നുമാണ് പച്ചക്കറി ഇറക്കുമതി ചെയ്യുന്നത്. നാടൻ പച്ചക്കറികളും വിപണിയിൽ ലഭ്യമാണെങ്കിലും വിലയിൽ കുറവില്ല. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നും വ്യാപാരികൾ പറയുന്നു. രണ്ട് മാസം മുമ്പും പച്ചക്കറികളുടെ വില കുതിച്ചുയർന്നിരുന്നു. ആഴ്ച്ചകൾക്ക് മുൻപാണ് വിലയിൽ അൽപ്പമെങ്കിലും മാറ്റമുണ്ടായത്. മുരിങ്ങക്കാ, തക്കാളി, സവാള തുടങ്ങിയ പച്ചക്കറികൾക്ക് നൂറിന് മുകളിലായിരുന്നു മുൻപ് വില. തമിഴ്‌നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയം മൂലം കൃഷി നശിച്ചു പോയതും ഇന്ധന വില വർദ്ധനവുമായിരുന്നു കാരണം.

പഴങ്ങൾക്കും വില വർദ്ധിച്ചു

ഡിമാൻഡ് ഏറിയതോടെ പഴങ്ങളുടെ വിലയും ഉയർന്നു. നോമ്പ് കാലമായതിനാലാണ് പഴങ്ങൾക്ക് ഡിമാൻഡ് ഏറിയത്. 50 രൂപയിൽ താഴെയുണ്ടായിരുന്ന ഏത്തയ്ക്കയുടെ വില 70 രൂപയിലെത്തി. പാളയം കോടൻ 40, ഞാലിപ്പൂവൻ 60, 80 എന്നിങ്ങനെയാണ് വില. തമിഴ്‌നാട്ടിൽ നിന്നാണ് ഇവയും എത്തിക്കുന്നത്.

നോമ്പ് കാലമായിട്ടും കച്ചവടം കുറവാണ്. കണി വെള്ളരി വിപണിയിൽ എത്തി തുടങ്ങിയിട്ടില്ല.

ഷിഹാബ് വ്യാപാരി