
കോട്ടയം. പ്രണയത്തിൽ നിന്ന് പിൻമാറി മറ്റ് സ്ത്രീകൾക്കൊപ്പം പോയതിന്റെ പകയിൽ, സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ (31) കൊന്ന് ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ.
ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിന് സമീപം നവീൻ ഹോം നഴ്‌സിംഗ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (37), ഹിപ്പി ശ്യാം എന്ന ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (40), ജൂഡോ രമേശൻ എന്ന വിത്തിരിക്കുന്നേൽ രമേശൻ (37) എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്. അഞ്ചാം പ്രതിയും ഓട്ടോ ഡ്രൈവറുമായ കൊച്ചുതോപ്പ് പാറാംതട്ടിൽ മനുമോനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പിഴത്തുകയിൽ ഒരു ലക്ഷം രൂപ ലെനീഷിന്റെ അച്ഛൻ ലത്തീഫിന് നൽകണമെന്നും കോടതി ഉത്തരവായി. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.
ശിക്ഷ ഇങ്ങനെ.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവിന് പുറമേ ശ്രീകല 50000 രൂപ പിഴ നൽകണം. മറ്റ് പ്രതികൾക്ക് ഈ വകുപ്പുകളിൽ 25000 രൂപ വീതമാണ് പിഴ. തെളിവ് നശിപ്പിച്ചതിന് 3 വർഷം തടവും 25000 രൂപ പിഴയും . പിഴത്തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്. 114-ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ്.
വിധി 9 വർഷത്തിന് ശേഷം.
2013 നവംബർ 23നാണ് പാമ്പാടി കുന്നേൽപ്പാലത്തിന് സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ലെനീഷിന്റെ കാമുകിയും ഹോം നഴ്‌സിംഗ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകലയിലേയ്ക്ക് അന്വേഷണം എത്തുകയായിരുന്നു. ലെനീഷിനെ എസ്.എച്ച് മൗണ്ടിലെ ഓഫീസിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ആസിഡ് ഓഴിക്കുകയുമായിരുന്നു. മരണം ഉറപ്പു വരുത്തിയശേഷം മനുമോന്റെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് മൃതദേഹം റോഡരികിൽ തള്ളിയത്. ചാക്കിൽ വെയ്സ്റ്റാണെന്നാണ് പ്രതികൾ മനുവിനോട് പറഞ്ഞത്.