ajeesh

കോട്ടയം. ഐസ്‌ക്രീമിൽ രുചിഭേദങ്ങൾ തീർക്കുകയാണ് അജീഷ് എന്ന യുവസംരംഭകൻ. പുട്ട് ഐസ്‌ക്രീമിനുശേഷം പുതിയ ട്രെൻഡായി മാറിയ ഷവർമ്മ ഐസ്‌ക്രീമാണ് ഇദ്ദേഹത്തിന്റെ കടയിലെ ഹൈലൈറ്റ്. അഞ്ച് തട്ടുകളിലായാണ് ഇത് തയ്യാറാക്കുന്നത്. ഒരു സ്റ്റാൻഡിൽ വിവിധ ഫ്‌ളേവറുകളിലുള്ള വെൽവെറ്റ് കേക്ക്, ഫ്രീസ് ചെയ്ത ഐസ്‌ക്രീം എന്നിവ തട്ടുകളായി ഒരുക്കും. ശേഷം സിറപ്പ്, ഡാർക്ക് ചോക്‌ളേറ്റ്, വൈറ്റ് ചോക്‌ളേറ്റ് എന്നിവ ഒഴിക്കും. നട്‌സ്, ബദാം, ഡ്രൈ ഫ്രൂട്ട് എന്നിവയും വിതറും. ഇതോടെ ഷവർമ്മ ഐസ്‌ക്രീം റെഡി. 200 രൂപയാണ് വില. നിരവധി പേരാണ് ഷവർമ്മ ഐസ്‌ക്രീം കഴിക്കാനെത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇടുന്നതിനും വാട്‌സ് ആപ്പ് , എഫ്.ബി എന്നിവയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും എത്തുന്നവരുമുണ്ട് .

ചങ്ങനാശേരി വടക്കേക്കര കുന്നേൽ അജീഷ് ദുബായിൽ എൻജിനീയറായിരുന്നു. കൊവിഡിനെ തുടർന്ന് കമ്പനി പൂട്ടിയതോടെ തിരികെയെത്തി. എന്നാൽ നാട്ടിൽ ജോലിയൊന്നും ലഭിച്ചില്ല. ആറ് മാസം മുൻപ് വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിന് സമീപം ചെറിയമുറി വാടകയ്‌ക്കെടുത്ത് ജ്യൂസ്, ഐസ്‌ക്രീം തുടങ്ങിയവ വിൽക്കുന്ന കട ആരംഭിക്കുകയായിരുന്നു.