രാമപുരം : കഞ്ചാവ് മാഫിയയ്ക്കെതിരെ ''ഓപ്പറേഷൻ ഇടിമിന്നലു''മായി രാമപുരം പൊലീസ് രംഗത്ത്. രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും കഞ്ചാവ് മാഫിയായെ ഒതുക്കാൻ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിർദ്ദേശപ്രകാരമാണ് 'ഓപ്പറേഷൻ ഇടിമിന്നൽ ' പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേകം ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത കാലത്തായി രാമപുരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ ശക്തമായി പ്രവർത്തിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കഞ്ചാവ് സംഘം ഒടുവിൽ പൊലീസിന് നേർക്കും തിരഞ്ഞതോടെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. രാമപുരം ടൗൺ, വെള്ളിലാപ്പിള്ളി, പിഴക്, മാനത്തൂർ, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, ഇടക്കോലി, കിഴതിരി , കുറിഞ്ഞി, ഐങ്കൊമ്പ് , പൂവക്കുളം ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയായുടെ പ്രവർത്തനം. കഞ്ചാവ് വില്പന, കൈമാറ്റം, ഉപയോഗം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ 99 ശതമാനം പേരും യുവാക്കളും വിദ്യാർത്ഥികളുമാണ്. അടുത്തിടെ വെള്ളിലാപ്പിള്ളിയിൽ നിന്നും കഞ്ചാവുമായി വിദ്യാർത്ഥികളെ രാമപുരം എസ്.ഐ. പിടികൂടിയിരുന്നു. കിഴതിരി ഗവ. എൽ. പി. സ്‌കൂളിന്റെ ജനൽച്ചില്ലുകൾ അടിച്ചുപൊട്ടിച്ചതും കഞ്ചാവ് മാഫിയായിൽപെട്ട യുവാക്കളാണെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ല. ഓപ്പറേഷൻ ഇടിമിന്നലിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കഞ്ചാവ് മാഫിയ തങ്ങുന്ന കേന്ദ്രങ്ങളിലെല്ലാം റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പൊതുജനങ്ങൾക്കും സഹകരിക്കാം

ഓപ്പറേഷൻ ഇടിമിന്നലിന്റെ ഭാഗമായി കഞ്ചാവ് മാഫിയായെക്കുറിച്ച് വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. വിവരങ്ങൾ 9497980342 (രാമപുരം എസ്.ഐ. പി.എസ്. അരുൺകുമാർ), 9497987083 (സി.ഐ. കെ.എൻ. രാജേഷ്), 9497990051 (ഡിവൈ.എസ്.പി. ഷാജു ജോസ്) എന്നീ നമ്പരുകളിൽ എപ്പോൾ വേണമെങ്കിലും അറിയിക്കാം. സൂചന നൽകുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കും.