കോട്ടയം : കനത്ത മഴയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ബസ് ബേയിലെ മണ്ണും ചെളിയും റോഡിലേക്ക് പരന്നൊഴുകിയത് അപകട ഭീഷണിയുയർത്തുന്നു. കഴിഞ്ഞ ദിവസം ചെളിയിൽ ബൈക്ക് തെന്നിമറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. നവീകരണത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചതിന്റെ ഭാഗമായുണ്ടായ പൊടിയും ചെളിയും കനത്ത മഴയിൽ ഒഴുകി എത്തിയതാണ് യാത്രക്കാർക്ക് വിനയായത്. വെയിലായാൽ പൊടിയാണ് മറ്റൊരു ദുരിതം. ചെളിയിൽ തെന്നി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണ്. സ്റ്റാൻഡിലേക്ക് ബസുകൾ കയറി ഇറങ്ങിപ്പോകുമ്പോൾ റോഡിൽ വീണ്ടും കൂടുതൽ ചെളിയെത്തും. സ്റ്റാൻഡിനകത്തും ചെളിമണ്ണ് നിറഞ്ഞിരിക്കുകയാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും ചെളിയിൽ തെന്നിവീഴാതെ പണിപ്പെട്ട് നടക്കേണ്ട സ്ഥിതിയാണ്. ബസ് കടന്നുപോകുമ്പോൾ ചെളി യാത്രക്കാരുടെ ദേഹത്തേയ്ക്ക് വീഴും. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലും ടാക്‌സി സ്റ്റാൻഡിലും ചെളിനിറഞ്ഞ നിലയിലാണ്.