കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളത്തിൽ കീടനാശിനി കലർത്തിയുള്ള മീൻപിടുത്തം വ്യാപകം. ഇതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പാറമ്പുഴ മുതൽ പഴുക്കാനിലം കായൽ വരെയുള്ള പ്രദേശങ്ങളിലാണ് മാരക കീടനാശിനികൾ ഉപയോഗിച്ച് മീൻപിടിക്കുന്നത്. അതേസമയം അനധികൃത മീൻപിടുത്തം വ്യാപകമായത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. മീനച്ചിലാർ, കൊടൂരാർ, പഴുക്കാനിലം കായൽ, തോടുകൾ എന്നിവിടങ്ങളിൽ രാത്രിയിൽ കീടനാശിനി കലർത്തുന്നതായി പരാതിയുണ്ട്. നെല്ലിന് ഉപയോഗിക്കുന്ന കീടനാശിനി, നഞ്ച് എന്നിവയാണ് ഉപയോഗിക്കുന്നത്. രാത്രികാലങ്ങളിൽ വൈദ്യുതി പ്രയോഗത്തിലൂടെയും മീൻപിടിത്തം വ്യാപകമാണ്. രാത്രിയിൽ കായലുകളിലും തോടുകളിലും മീൻപിടിക്കാൻ ആളുകൾ എത്തുന്നുണ്ട്. കീടനാശിനി കലർത്തുന്നത് മൂലം മത്സ്യങ്ങളുടെ മുട്ടകളും കുഞ്ഞുങ്ങളും കൂട്ടത്തോടെ നശിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവിയിൽ പല കായൽ മത്സ്യങ്ങളും അപ്രത്യക്ഷമാകാൻ ഇടയാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
രോഗഭീതി
മേഖലയിലെ ആറുകൾക്കും തോടുകൾക്കും സമീപം നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർ ഈ വെള്ളമാണ് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. മീൻപിടിക്കാൻ കീടനാശിനികൾ നേരിട്ട് വെള്ളത്തിൽ കലർത്തുന്നത് മൂലം രോഗവ്യാപനത്തിന് ഇടയാക്കും. വെള്ളം ഉപയോഗിക്കാൻ കഴിയാത്തവിധം മലിനമാകുന്നതായും പ്രദേശവാസികൾ പറയുന്നു.