കോട്ടയം: കെ.എം മാണിയുടെ ഓർമ്മ നിലനിർത്തുന്നതിനായി വ്യത്യസ്ത പ്രചാരണ പരിപാടികളുമായി കേരള കോൺഗ്രസ്. പിറന്നു വീണ തിരുനക്കര മൈതാനിയിൽ കെ.എം മാണി സ്മൃതിസംഗമം നാളെ നടക്കും. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ തിരുനക്കര മൈതാനത്ത് ഉപവാസവും കെ.എം മാണിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടക്കും. കേരള സമ്പദ് വ്യവസ്ഥയില്‍ അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ രാവിലെ 10.30ന് നടക്കുന്ന ഓൺലൈൻ സെമിനാർ ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യും. കോട്ടയം തിരുനക്കര മൈതാനിയിൽ കെ.എം മാണി സ്മൃതി സംഗമത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ് അയർലൻഡ്, കാനഡ, അമേരിക്ക, ന്യൂസിലാൻഡ്, യു.കെ, യു.എ.ഇ,കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ കെ.എം മാണി സ്മൃതിസംഗമത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ഓൺലൈനായും ഓഫ് ലൈനായും നടത്തുമെന്ന് കോർഡിനേറ്റർ എബ്രഹാം സണ്ണി അറിയിച്ചു. കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെയും കേരള പ്രവാസി കോൺഗ്രസ് എം അയർലൻഡിന്റെയും നേതൃത്വത്തിൽ ശ്രീലത മധു പയ്യന്നൂരിന്റെ ഒരു സൂര്യനായ് എന്ന കവിത പ്രകാശനം ചെയ്യും. കെ എം മാണിയുടെ സ്മരണ നിലനിർത്താൻ എല്ലാ ജില്ലകളിലും കാരുണ്യഭവനം നിർമ്മിക്കാനും പദ്ധതിയുണ്ട്. 18ന് മന്ത്രി റോഷി അഗസ്റ്റിന്റെ ജന്മനാടായ രാമപുരം ചക്കാമ്പുഴയിൽ കെ.എം മാണിയുടെ സ്മരണ നിലനിർത്താൻ വടംവലി മത്സരം സംഘടിപ്പിക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.