രാമപുരം: കഞ്ചാവ് മാഫിയാസംഘത്തെ പിടികൂടാനെത്തിയ രാമപുരം എസ്.ഐയ്ക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ് സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. രാമപുരം സി.ഐ. കെ.എൻ രാജേഷിന്റെ നേതൃത്വത്തിലാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. എസ്.ഐ അരുൺകുമാറിന്റെ നേർക്ക് മുളക് സ്‌പ്രേ ചെയ്തശേഷം ഓടി രക്ഷപെട്ട ഗുണ്ട രാമപുരം സ്വദേശി മങ്കുഴിച്ചാലിൽ അമലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാമപുരത്തും കോട്ടയത്തും തിരുവനന്തപുരത്തുമുള്ള ഇയാളുടെ ചില ഒളിത്താവളങ്ങളിൽ പൊലീസ് എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. അമലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവദിവസം പൊലീസ് പിടികൂടിയ ഗുണ്ട വെള്ളിലാപ്പിള്ളി ചിറയിൽ അസിൻ അഗസ്റ്റിനെ (23) പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.