market

കോട്ടയം. ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ ചന്തയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ആദ്യവിൽപന നിർവഹിച്ചു. മണർകാട് കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള മുട്ട, കുടുംബശ്രീ സംരംഭങ്ങളുടെ തനത് ഉത്പന്നങ്ങളായ കറിപൗഡറുകൾ, അച്ചാറുകൾ എന്നിവ ലഭ്യമാണ്. ചന്ത സ്ഥിരം വിപണന കേന്ദ്രമാക്കാനും ആലോചിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വില വർദ്ധന തടയുന്ന ഈ വിപണന കേന്ദ്രം കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും എത്തുന്നവർക്ക് ഉപകാരപ്പെടും.