
കോട്ടയം. കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള ചർച്ചകളാണ് സി.പി.എം പാർട്ടി കോൺഗ്രസിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസുമായി സന്ധി ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കാൻ കേരളത്തിലെ സി.പി.എം ഘടകം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയാണ്. കോൺഗ്രസിനൊപ്പം നിൽക്കാമെന്ന നിലപാടെടുത്താൽ സിൽവർ ലൈനിന് പ്രധാനമന്ത്രി അനുമതി നൽകില്ല. അതിനാൽ കോൺഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സി.പി.എം നേതൃത്വവും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവും തമ്മിൽ ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിനെ തോൽപ്പിക്കണമെന്ന നിലപാടെടുത്ത പഴയകാല സി.പി.എം നേതാക്കളുടെ പിൻമുറക്കാർ കോൺഗ്രസ് തകർന്നാലും കുഴുപ്പമില്ല ബി.ജെ.പി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.