ഇന്ന് ഏപ്രിൽ 10, ലോക ഹോമിയോപ്പതി ദിനം. ഹോമിയോപതിയുടെ പിതാവായ ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമൂവൽ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്. 268 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഡോ സാമൂവൽ ഹാനിമാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഹോമിയോപ്പതി. ഒരു മൈക്രോസ്‌കോപ് പോലും കണ്ടെത്തിയിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ ഒരു വ്യക്തിയുടെ അധിസൂക്ഷമ തലങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള ഹോമിയോപതിക് മരുന്നുകൾ 'ഹോമിയോപതിക് പൊട്ടന്റൈസേഷൻ' എന്ന പ്രക്രിയയിലൂടെ കണ്ടെത്തി എന്നത് ഡോ സാമൂവൽ ഹാനിമാന്റെ ബൗദ്ധിക വ്യാപാരത്തിന്റെ ശ്രേഷ്ടത തെളിയിക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന സത്യം തിരിച്ചറിഞ്ഞ് , അത് ലോകത്തെ വിളിച്ചറിയിച്ച ശാസ്ത്രജ്ഞർക്ക് ഉണ്ടായ അതേ ദുരവസ്ഥ അലോപ്പതി ഡോക്ടറായ ഡോ സാമൂവൽ ഹനീമാനും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ത്വരിതവേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന ഹോമിയോപതി ചികിത്സക്കെതിരെ ഇന്നും വിമർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, രോഗത്തിന് ശാശ്വത പരിഹാരം നൽകുന്ന ചികിത്സശാസ്ത്രമായി ഹോമിയോപതിയെ പൊതുസമൂഹം സ്വീകരിച്ചു കഴിഞ്ഞു. ലളിതം, സുരക്ഷിതം, പാർശ്വഫലങ്ങൾ ഇല്ലാത്തത്, ഏവർക്കും ഫലപ്രതം എന്നീ നാലു പ്രത്യേകതകൾ കൊണ്ടാണ് ഹോമിയോപ്പതി ലോകത്തിലെ 130 ലധികം രാജ്യങ്ങളിൽ പ്രചാരം നേടിയത്.

കഴിഞ്ഞ രണ്ട് വർഷമായി ലോകത്തെ കീഴ്‌മേൽ മറിച്ച കൊവിഡ് എന്ന മഹാമാരിയെ നേരിടുന്നതിൽ, പ്രതിരോധമരുന്നുകളിലൂടെയും രോഗചികിത്സയിലൂടെയും സ്തുത്യർഹമായ പങ്ക് വഹിക്കാൻ ഹോമിയോപ്പതിക്ക് സാധിച്ചു. 1796 ൽ ജർമൻ ഭിഷഗ്വൊരനായ ഡോ സാമൂവൽ ഹാനിമാൻ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് രൂപം നൽകിയ കാലം മുതൽ പകർച്ചവ്യാധികൾക്കെതിരെ എല്ലായ്പ്പോഴും ഒരു ജീനസ് എപ്പിഡിമിക്കസ് കണ്ടെത്താറുണ്ട്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്ത് കൂടുതൽ രോഗികളിൽ കാണുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന പ്രതിരോധ മരുന്നാണ് ജീനസ് എപ്പിഡിമിക്കസ്. എല്ലാ കാലങ്ങളിലും അത് ഫലപ്രദമായിട്ടുമുണ്ട്. ഈ കോവിഡ് കാലത്തും അതിന്റെ ഫലപ്രാപ്തി നിസംശയം തെളിയിക്കപ്പെട്ടതാണ്. കൊവിഡ് ചികിത്സയിലും പോസ്റ്റ് കൊവിഡ് ചികിത്സയിലും ഹോമിയോപ്പതി, ഫലപ്രാപ്തിയുടെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ നിൽകുന്നു . കൊവിഡ് ഭീതി പടർന്നു പിടിച്ച നാളുകളിൽ, പല ചികിത്സസ്ഥാപനങ്ങളും തുറക്കാതെ വന്നപ്പോഴും ഹോമിയോപതി ചികിത്സകർ ഭയരഹിതരായി കർമ്മവേദിയിൽ ഉണ്ടായിരുന്നത് ഡോ സാമൂവൽ ഹാനിമാൻ മാനവരാശിക്കു നൽകിയ ഈ ചികിത്സാ ശാസ്ത്രത്തിൽ പൂർണവിശ്വാസമർപ്പിച്ചത് കൊണ്ട് മാത്രമാണ്.

സംക്രമികേതര രോഗങ്ങളുടെ കാര്യത്തിലും ഹോമിയോപതിയുടെ പ്രസക്തി വളരെ വലുതാണ്. ആസ്മ, ശ്വാസകോശരോഗങ്ങൾ, ഫൈബ്രോമയാൾജിയ, കിഡ്‌നി രോഗങ്ങൾ, കരൾ രോഗങ്ങൾ,കാൻസർ, വാതരോഗങ്ങൾ തുടങ്ങിയവക്കും ജീവിതശൈലി രോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ഹോർമോൺ സംബന്ധമായ രോഗങ്ങൾ, തൊലിപുറമെ ഉണ്ടാകുന്ന രോഗങ്ങൾ, കുട്ടികളിലെ പഠനസ്വഭാവ വൈകല്യങ്ങൾ, മുതിർന്നവരിലെ മാനസിക വൈകാരിക പ്രശ്‌നങ്ങൾ എന്നിവക്കും ഹോമിയോപ്പതി ഫലപ്രദമാണ് എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഹോമിയോപതി ഡിപ്പാർട്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ജനനി പദ്ധതിയുടെ' വിജയം വന്ധ്യത ചികിത്സരംഗത്ത് ഹോമിയോപതിക്ക് മേൽക്കോയ്മ നൽകി. മറ്റ് വന്ധ്യത ചികിത്സാരീതികളെ അപേക്ഷിച്ച് സ്വകാര്യ ഹോമിയോപ്പതിക്ക് ചികിത്സാ സ്ഥാപനങ്ങളെയാശ്രയിക്കുന്നവർക്ക് പോലും വളരെ കുറഞ്ഞ ചിലവിൽ സന്താനസൗഭാഗ്യം നേടികൊടുക്കാൻ ഹോമിയോപ്പതിക്ക് സാധിക്കുന്നുണ്ട്.

ഇന്ന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഹോമിയോപതിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഹോമിയോപ്പതിയുടെ ഒരു സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് കേരളത്തിൽ കോട്ടയം കുറിച്ചിയിൽ പ്രവർത്തിച്ചു പോരുന്നു. കോട്ടയം ആസ്ഥാനമായിക്കൊണ്ട് കേരളത്തിൽ കൂടുതൽ വിപുലമായ ഗവേഷണങ്ങൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യതകൾ വർദ്ധിച്ചുവരുകയാണ്. വരുംദിവസങ്ങളിൽ ഗവേഷണത്തിനായും ഹോമിയോപ്പതി ചികിത്സവശ്യങ്ങൾക്കായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആയിരങ്ങൾ കേരളത്തിൽ വന്നെത്തുന്ന സാഹചര്യം വിദൂരമല്ല. അങ്ങനെ ആഗോള തലത്തിൽ കേരളത്തിന് ഹോമിയോപ്പതിയുടെ തലസ്ഥാനം എന്ന വിശേഷണം ലഭിക്കാൻ അധികകാലം വേണ്ടിവരില്ല എന്ന് പ്രത്യാശിച്ചുകൊള്ളുന്നു. ഈ ചികിത്സ ശാസ്ത്രത്തിന്റെ പിതൃസ്ഥാനീയന്റെ പാവന സ്മരണ കൊണ്ടാടുമ്പോൾ അത് ചില ആഘോഷങ്ങൾക്കപ്പുറം അദ്ദേഹം വരും തലമുറക്കായി കരുതിവച്ച ഹോമിയോപ്പതി എന്ന ചികിത്സാശാസ്ത്രത്തിന്റെ ഇന്ന് കാണുന്ന സ്വീകാര്യത തന്നെയാണ് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ.

ഡോ. ജെയിംസ് ജോസഫ് ബി.എച്ച്.എം.എസ്, പി.ജി.ഡി.പി.സി ഫോൺ: 9447153683 ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരളയുടെ (IHK ) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,​ കോട്ടയം ജില്ലാ സെക്രട്ടറി