കോട്ടയം: ഇന്നലെ കോട്ടയം നഗരത്തിലെത്തിയവർ ആകെ പെട്ടുപോയെന്ന് പറയാം. കുരുക്കോട് കുരുക്ക്. ഏറെനേരം വാഹനങ്ങൾ ഒരിഞ്ചു മുന്നോട്ടുനീങ്ങിയില്ല. ഇന്നലെ ഉച്ചയ്ക്കാണ് കോട്ടയം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മാർക്കറ്റ് റോഡ്, ഭീമ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, ശീമാട്ടി റോഡ് എന്നിവിടങ്ങളിലാണ് കുരുക്ക് രൂക്ഷമായത്. ഗതാഗക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ മാർക്കറ്റ് റോഡിനെ ആശ്രയിച്ചതോടെ ഇവിടെയും ഗതാഗതം സ്തംഭിച്ചു. മാർക്കറ്റിലൂടെ മറ്റ് റോഡുകളിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമായി. വ്യാപാര സ്ഥാപനങ്ങളിൽ എത്തിയ വാഹനങ്ങൾ പലതും അലക്ഷ്യമായി പാർക്ക് ചെയ്തതും വിനയായി. വ്യാപാര സ്ഥാപനങ്ങളിലെ ആളുകൾ ഗതാഗതം നിയന്ത്രിച്ചാണ് ഒടുവിൽ മാർക്കറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.