തലയോലപ്പറമ്പ് : മറവൻതുരുത്ത് പഞ്ചായത്തിലെ 3ാം വാർഡിനെയും ചെമ്പ് പഞ്ചായത്തിലെ 10ാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശ്രീനാരായണ ചെമ്പ് അങ്ങാടിക്കടവ് തീരദേശ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തം. രണ്ടര കിലോമീറ്ററോളം ദൂരം വരുന്ന തീരദേശ റോഡിന്റെ നിർമ്മാണം 4 വർഷം മുൻപ് ആരംഭിച്ചെങ്കിലും ഒന്നര കിലോമീറ്ററോളം ദൂരം മാത്രമാണ് സോളിംങ്ങ് പൂർത്തികരിച്ചത്. പത്തുപറ വരെ റോഡിന് ആവശ്യമായ സ്ഥലവും ലഭിച്ചിരുന്നു. എന്നാൽ 300 മീറ്ററോളം ദൂരം റോഡിന് ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുത്തിട്ടില്ല. ഇതിനെ തുടർന്ന് പ്രദേശവാസികൾ 3 കിലോമീറ്ററോളം ദൂരം ചുറ്റി ചെമ്പകശ്ശേരിക്കടവ് ബ്രഹ്മമംഗലം റോഡ് വഴി സഞ്ചരിച്ചാണ് ചെമ്പ് അങ്ങാടിക്കടവിലെത്തി ജംഗാർ കടക്കുന്നത്. റോഡ് പൂർത്തിയായാൽ മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്ത് നിവാസികൾക്ക് ഏറെ ഗുണകരമാകും. തുരുത്തുമ്മയുടെ വികസനത്തിലും തീരദേശ റോഡ് നിർണായകമാകും. ഒപ്പം ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രദേശത്തേക്ക് എത്താനും സഹായകരമാകും.
പ്രദേശത്തേക്ക് വികസനമെത്തണം. അതിനായി എസ്.എൻ റോഡ് ചെമ്പ് അങ്ങാടിക്കടവ് റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം.
(ടി.എൻ രാമചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം 550ാം നമ്പർ തുരുത്തുമ്മ ശാഖാ സെക്രട്ടറി.)