52 കടക്കാർ ഏഴ് ദിവസത്തികം ഒഴിയണമെന്ന് നിർദ്ദേശം
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെ വ്യാപാരികൾക്ക് വിഷുവിന് കണ്ണീരിന്റെ കൈനീട്ടം നൽകുകയാണ് കോട്ടയം നഗരസഭ. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കുന്നതിന്റെ ഭാഗമായി 52 കടക്കാർ ഏഴ് ദിവസത്തികം ഒഴിഞ്ഞുകൊടുക്കണമെന്ന നിർദ്ദേശമാണ് കച്ചവടക്കാരെ പെരുവഴിയിലാക്കുന്നത്. കൊവിഡിന് ശേഷം സാമ്പത്തികമായി തകർന്ന കച്ചവടക്കാരെ വഴിയാധാരമാക്കരുതെന്ന ആവശ്യം നഗരസഭ അംഗീകരിക്കുന്നില്ല.
കെട്ടിടത്തിന് ബലക്ഷയമെന്ന് കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയെ തുർന്നാണ് നടപടികളുടെ തുടക്കം. ബലക്ഷയം പരിഹരിക്കാൻ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുത്തില്ല. തുടർന്നാണ് കെട്ടിടം പൊളിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചത്. എന്നാൽ ബസ് സ്റ്റാൻഡ് കെട്ടിടത്തേക്കാൾ പഴക്കമുഴള്ള പല മന്ദിരങ്ങളുമുള്ളപ്പോൾ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നഗരസഭ ജൂബിലി സ്മാരക മൾട്ടി പ്ളക്സ് കം ബസ് ബേ പണിയാനാണ് പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിൽ നൽകിയതെന്നുമാണ് വ്യാപാരികൾ പറയുന്നത്.
ബലക്ഷയം കണ്ടെത്തിയത് രണ്ട് ബ്ളോക്കുകളിൽ
കെട്ടിടത്തിന്റെ എ,ബി ബ്ളോക്കുകൾക്ക് മാത്രമാണ് ബലക്ഷയമെന്നാണ് പരിശോധന നടത്തിയ വിദഗ്ദ്ധർ കണ്ടെത്തിയത്. എന്നാൽ ഹൈക്കോടതിയെ അറിയിച്ചത് ബലക്ഷയത്തിന്റെ പേരിൽ കെട്ടിടങ്ങൾ ഒന്നാകെ പൊളിക്കാമെന്ന തീരുമാനമാണ്. സി, ഡി ബ്ളോക്കുകളും റോട്ടറി ക്ളബ് പുനരുദ്ധരിച്ച ഏക ശൗചാലയം കൂടിയും പൊളിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. തിരുനക്കര സ്റ്റാൻഡിലെ ശൗചാലയം പൊളിക്കുമ്പോൾ നഗരത്തിലെ ഏക ശൗചാലയം കൂടിയാണ് ഇല്ലാതാവുക.
 നോട്ടീസ് ലഭിച്ചത് കഴിഞ്ഞ ദിവസം
7 ദിവസത്തിനകം ഒഴിഞ്ഞു നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വ്യാപാരികൾക്ക് നഗരസഭ നോട്ടീസ് നൽകിയത്. വ്യാപാരികളേറെയും സാമ്പത്തിക പ്രതിസന്ധിയിലാണ്. തങ്ങളുടെ അവസ്ഥ പലതവണ നഗരസഭ അധികൃതരെ കണ്ട് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.