
കോട്ടയം. കുരുമുളകിട്ട് വേവിച്ച താറാവുകറിയും തേങ്ങാപ്പാലൊഴിച്ച മപ്പാസുമൊക്കെ ഈസ്റ്ററിന് തീൻമേശയിലെത്താൻ അന്യസംസ്ഥാനക്കാർ കനിയണം. പക്ഷിപ്പനിയും തീറ്റവിലവർദ്ധനവും കാരണം കടുത്ത പ്രതിസന്ധിയിലായ അപ്പർകുട്ടനാട്ടിലെ കർഷകരിൽ വളരെക്കുറച്ചുപേർക്കേ ഇക്കുറി താറാവു കൃഷിയുള്ളൂ. താറാവിന്റെ സീസണായിട്ടും സാമ്പത്തിക നഷ്ടം ഭയന്നാണ് കർഷകർ പിൻമാറിയത്.
ഒക്ടോബറിലുണ്ടായ പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ അരലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം അയ്യായിരത്തിലേറെ താറാവുകളെ ജില്ലയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ചങ്ങനാശേരി, ആർപ്പൂക്കര, നീണ്ടൂർ വൈക്കം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മൊത്തവ്യാപാരികളാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് താറാവുകളെ ചെറുകിട വില്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
70 മുതൽ 80ദിവസം വരെ പ്രായമായ ഒന്നരക്കിലോ തൂക്കം വരുന്ന താറാവ് മൊത്തവ്യാപാരികൾക്ക് 235 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്ന് വാങ്ങുന്ന ചെറുകിട കച്ചവടക്കാർ താറാവ് ഒന്നിന് 370 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതേ പ്രായത്തിലുള്ള നാടൻ താറാവിന് 300 രൂപ വരെ നൽകിയാൽ മതിയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന താറാവുകൾക്ക് തൂക്കം കൂടുതൽ ലഭിക്കാനുള്ള രാസപദാർത്ഥം കലർന്ന ഭക്ഷണമാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്.
പക്ഷിപ്പനിയെ തുടർന്ന് ചത്ത താറാവുകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. കൊന്നവയ്ക്കാവട്ടെ 200 രൂപ വച്ചാണ് നൽകിയത്. 280 രൂപ വിലയ്ക്ക് വാങ്ങിയ മുട്ടത്താറാവുകൾക്കാണ് 200 രൂപ നഷ്ടപരിഹാരം ലഭിച്ചത്. ഈ സാഹചര്യത്തിൽ റിസ്ക് എടുക്കാനില്ലെന്നാണ് കർഷകർ പറയുന്നത്.
താറാവെത്തുന്നത്.
ആന്ധ്ര, തമിഴ്‌നാട്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് .
താറാവ് ഒന്നിന് : 370രൂപ .
താറാവ് കർഷകനായ ബിജു ജോൺ പറയുന്നു.
പ്രതിസന്ധിയിലായ കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. തീറ്റയുടെ വില കുറച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല. രോഗവ്യാപനം ഉണ്ടാകുമ്പോൾ അത് പരിശോധിക്കാൻ കൃത്യമായ സംവിധാനം സംസ്ഥാനത്ത് ഉണ്ടാവണം.
കൃഷി നിറുത്തിയത് നഷ്ടം ഭയന്ന്.
പക്ഷിപ്പനി മൂലം കർഷകർക്ക് വൻ സാമ്പത്തിക പ്രതിസന്ധി.
വളർത്തുന്നവരും എണ്ണം പകുതിയിലും താഴെയായി കുറച്ചു.
കിട്ടിയ നഷ്ടപരിഹാരവും സാമ്പത്തിക ബാദ്ധ്യത തീർത്തില്ല.