കോട്ടയം : കനത്തമഴയിൽ വെളളക്കെട്ടിൽ മുങ്ങി പൂവൻതുരുത്ത് പുളിമൂട്ടിൽകടവ് പാലവും അപ്രോച്ച് റോഡും. പൂവൻതുരുത്ത് നിന്ന് ചിങ്ങവനം, ചാന്നാനിക്കാട് എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗവും ഇടറോഡുമാണിത്. റോഡിൽ കുഴികൾ നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. വർഷങ്ങളായി മഴ പെയ്താൽ റോഡിന്റെ സ്ഥിതി സമാനമാണ്. 2008ൽ കെ.ഇ ഇസ്മായിൽ എം.പിയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പാക്കിൽ റോഡ് ബ്ലോക്ക് ചെയ്യുമ്പോൾ പ്ലാമൂട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് ചിങ്ങവനം, പാക്കിൽ കവല, ചാന്നാനിക്കാട് എന്നിവിടങ്ങളിലേയ്ക്ക് വാഹനങ്ങൾ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. പാക്കിൽ പാലം നിർമ്മാണം ആരംഭം മുതൽ ഇടറോഡിലൂടെയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നവർ കുഴി ആരംഭിക്കുന്ന ഭാഗം മുതൽ വെള്ളക്കെട്ടിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. കാൽനടയാത്ര പോലും അസാദ്ധ്യമാണ്.
തകർന്ന് തരിപ്പണം
പ്ലാമൂട് ജംഗ്ഷൻ ആരംഭിക്കുന്ന ഭാഗം മുതൽ ചിങ്ങവനം മേൽപ്പാലം ഭാഗം വരെ റോഡ് തകർന്നു തരിപ്പണമായ നിലയിലാണ്. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡിൽ മെറ്റിലുകൾ ഇളകിയ നിലയിലാണ്. കുഴിയറിയാതെയും വഴി അറിയാതെയും എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് ഇത് ഇടയാക്കുന്നു. ഇരുചക്രവാഹനങ്ങൾ ചെളിയിൽ കയറി തെന്നി മറിയുന്നതിനും ഇടയാക്കുന്നു.
ഇരുവശവും പാടശേഖരം
റോഡിനു ഇരുവശവും പാടശേഖരമായതിനാൽ റോഡിലേയ്ക്ക് വെള്ളം പെട്ടെന്ന് കയറുന്നതിനും ഇടയാക്കുന്നു. കുഴികളിൽ ചാടി നിയന്ത്രണം വിടുന്ന വാഹനങ്ങൾ പാടത്തേക്ക് മറിയാൻ സാദ്ധ്യതയേറെയാണ്.