വൈക്കം : മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ വടക്ക് ഭാഗത്തെ ഓടയുടെ പ്രശ്‌നം താത്കാലികമായി പരിഹരിക്കുമെന്ന് ദേവസ്വം മരാമത്ത് എക്‌സിക്യുട്ടിവ് എൻജിനിയർ ജി.എസ്.ബൈജു അറിയിച്ചു. വെള്ളമൊഴുക്ക് തടസപ്പെട്ടത് എവിടെയാണന്ന് നോക്കി പകരം പി.വി.സി പൈപ്പ് ഉപയോഗിച്ചാണ് പരിഹാരം കാണുക. നിലവിലെ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ച് ബോർഡിന്റെ അനുമതി വാങ്ങി സ്ഥിരം കോൺക്രീറ്റ് ഓട നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വലിയടുക്കള, ചെറുകറിപ്പുര എന്നിവിടങ്ങളിൽ നിന്നും ഒഴുകി വരുന്ന മലിനജലം രാജഭരണ കാലംമുതൽ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തെ ഓടയിലൂടെയാണ് പുറത്തേക്ക് പോയിരുന്നത്. കരിങ്കൽ പാളി കൊണ്ട് നിർമ്മിച്ച ഓട വർഷങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി തീർക്കുന്നതിനായി പൊളിച്ചതോടെ നീരൊഴുക്ക് നിലച്ച് ക്ഷേത്രവളപ്പിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. എല്ലാവർഷവും അഷ്ടമിയ്ക്ക് മുൻപായി ഓടയുടെ പണി നടക്കുക പതിവാണങ്കിലും ശാശ്വത പരിഹാരം കണ്ടെത്തിയിരുന്നില്ല. ഈ വർഷവും അഷ്ടമിക്ക് തുടങ്ങിയ നിർമാണം പൂർത്തിയാക്കാതെ വന്നതോടെ ഹിന്ദു ഐക്യവേദിയും ക്ഷേത്ര ഉപദേശക സമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.