കോട്ടയം : മഹാഗുരുക്കന്മാരുടെ കർമ്മ സഞ്ചയവും കൃതികളുമാണ് ഭാരതീയ സംസ്‌കാരത്തിന് അടിത്തറ പാകിയതെന്നും ആ ഗുരു പരമ്പരയിലെ അവസാനത്തെ കണ്ണിയായ ശ്രീനാരായണ ഗുരുദേവന്റെ ദർശനം ലോകത്തിനെന്നും വഴിയും വെളിച്ചവുമായിരിക്കുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും ശിവഗിരി മഠം ബ്രഹ്മ വിദ്യാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന കനക ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി കൈവല്യാനന്ദ സരസ്വതി, സോഫി വാസുദേവൻ എന്നിവർ പഠന ക്ലാസുകൾ നയിച്ചു. റാങ്ക് ജേതാക്കൾക്കും പ്രൊഫഷണൽ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ശതാഭിഷിക്തനായ കെ.കെ.സരളപ്പൻ, ശിവഗിരിമഠം പി.ആർ.ഒ ആയി നിയമിതനായ ഇ.എം. സോമനാഥൻ എന്നിവർക്കുള്ള ആദരവും സ്വാമി ഗുരുപ്രസാദ്, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമിബോധി തീർത്ഥ എന്നിവർ ചേർന്ന് സമർപ്പിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം വായനശാലയിലേക്കുള്ള ആദ്യ പുസ്തക സമർപ്പണം സഭ കേന്ദ്ര ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദനിൽ നിന്ന് സ്വാമി കൈവല്ല്യാനന്ദ സരസ്വതി ഏറ്റുവാങ്ങി. കേന്ദ്ര ഉപദേശ സമിതി അംഗം ആർ.സലിംകുമാർ രചിച്ച ശ്രീനാരായണ ധർമ്മം എന്ന പുസ്തകം സ്വാമി ഗുരുപ്രസാദ് പ്രകാശനംചെയ്തു. സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാരൻ വാകത്താനം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബു മൂലം, ട്രഷറർ പി.കെ മോഹനകുമാർ, ജോയിൻ സെക്രട്ടറി എം.എം. ബാലകൃഷ്ണൻ, കോട്ടയം മണ്ഡലം പ്രസിഡന്റ് ഡോ. ബീന സുരേഷ് എന്നിവർ പങ്കെടുത്തു.