
മറയൂർ. കാന്തല്ലൂർ വെട്ടുകാട് മേഖലയിൽ കാട്ടാനക്കൂട്ടം നെൽകൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വെട്ടുകാട്ടിൽ ഷിൽജുവിന്റെ ഒരേക്കറിലെ നെൽകൃഷിയാണ് കാട്ടാനക്കൂട്ടം നടന്നും തിന്നും നശിപ്പിച്ചത്. സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ആപ്പിൾ, സ്‌ട്രോബറി, കാരറ്റ്, കാബേജ്, ബീൻസ്, വെളുത്തുള്ളി, മുന്തിരി എന്നിവ സീസൺ അനുസരിച്ച് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെൽകൃഷി ചെയ്തത്. നെൽപ്പാടത്ത് കാട്ടാനകൾ ഇറങ്ങിയത് അറിഞ്ഞ കർഷകർ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്റെ അദ്ധ്വാനഫലം വന്യജീവികൾ നശിപ്പിച്ചു കളയുന്നതിനാൽ ഇനി കൃഷിക്കില്ല എന്നാണ് ഷിൽജു പറയുന്നത്.