കുറിച്ചി: പാലിന്റെ ഗുണനിലവാരം ഉറപ്പാക്കി കൊഴുപ്പ്, വെള്ളത്തിന്റെ അളവ് എന്നിവ കണ്ടെത്തുന്നതിനുള്ള ആധുനിക യന്ത്രം കുറിച്ചിയിലെത്തി. കർഷകന് നൽകണ്ട യഥാർത്ഥ വിലയും കമ്പ്യൂട്ടറിൽ തെളിയുന്ന റീഡിങ്ങിന്റെ അടിസ്ഥാനത്തിലാവും നിശ്ചയിക്കുക. കർഷകർക്ക് കൃത്യമായ വിലയും ഗുണനിലവാരവും ഉറപ്പാക്കും എന്നതാണ് ആധുനിക യന്ത്രത്തിന്റെ പ്രത്യേകത. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻ കൈയെടുത്താണ് യന്ത്രം വാങ്ങിയത്. സചിവോത്തമപുരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന് (ക്ലിപ്തം നമ്പർ കെ 290) പാൽ അളക്കുന്നതിനാണ് യന്ത്രം എത്തിച്ചത്. 1.60 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് യന്ത്രം വാങ്ങിയത്. ഓട്ടോമാറ്റിക്ക് മിൽക്ക് കളക്ഷൻ യൂണിറ്റ്, കമ്പ്യൂട്ടർ, പ്രിന്റർ എന്നിവയുമുണ്ട്. ഉപകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് നിർവഹിച്ചു. ക്ഷീര വ്യവസായസംഘം പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ജിക്കു കുരിയാക്കോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോർജ് ജോസഫ് കാഞ്ഞിരത്തുമൂട്ടിൽ, എകെ അമ്പിളിക്കൂട്ടൻ, പി.പി സുഗണൻ, ഇന്ദിരാ ദേവി മുൻ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുൺ ബാബു, പൊതുപ്രവർത്തകരായ ബാബു കോയിപ്പുറം, ടിബി തോമസ്സ്, അപ്പു കുറിച്ചി, ബാവിൻ ജിബി, സംഘം സെക്രട്ടറി നിതു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.